ന്യൂഡല്‍ഹി: ദളിതുകളെ അകറ്റിനിര്‍ത്തി ദേവീ ദേവന്മാരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ക്ഷേത്രനഗരമായ വാരാണസിയില്‍ ശിവക്ഷേത്രമായ കാല് ഭൈരവ ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് വിഗ്രഹത്തിനടുത്തേക്ക് പ്രവേശനമില്ല. ദളിതുകള്‍ വിഗ്രഹത്തെ തൊടാന്‍ ഇടയായാല്‍ അശുദ്ധമാകും. അതിനാല്‍ അവരെ വിഗ്രഹത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്ര പൂജാരി പറഞ്ഞു. ദളിതുകള്‍ അല്ലാത്ത എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും വിഗ്രഹത്തില്‍ സ്പര്ശിക്കാം. ദളിതുകള്‍ ഭക്ഷിക്കുന്നത് അശുദ്ധമായ വസ്തുക്കളാണ്. അതാണ് വലിയ പ്രശ്നം. നമ്മള് കാണാന്‍പോലും ഇഷ്ടപ്പെടാത്തതാണ് അവര്‍ ഭക്ഷിക്കുന്നതെന്നും പൂജാരി പറയുന്നു.
സ്വതന്ത്രമായി മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഭരണഘടന അവകാശം നല്‍കുമ്ബോഴും പാരമ്ബര്യത്തിന്റെ വിവേചനാപരമായ വ്യാഖ്യാനങ്ങള്‍ മതം മുറുകെ പിടിക്കുന്നത് തുടരുകയാണ്. ഒഡീഷയിലെ ലിംഗരാജ് ക്ഷേത്രത്തിലും സമാനമായ വിവേചനമാണ് ദളിതുകള്‍ അനുഭവിക്കുന്നത്. ശിവക്ഷേത്രമായ ഇവിടെ ശിവരാത്രി ദിനത്തില്‍ മാത്രം ലക്ഷത്തിലേറെ ഭക്തരാണ് എത്തുന്നത്. ഈ ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ശിവരാത്രിക്കാണ് പ്രവേശം ഉള്ളത്. ശിവരാത്രിക്കു ശേഷം ദളിതുകള്‍ എത്തിയതിനാല്‍ അശുദ്ധമായ വിഗ്രഹത്തെ സ്നാനം ചെയ്തെടുക്കും. ശിവരാത്രിയില്‍ മാത്രമാണ് ഈ ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് പ്രവേശനം ഉള്ളെന്ന് ലിംഗരാജ് പൂജാരി മനാസ് പറഞ്ഞു.
ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ ദളിതകള്ക്ക് ഒരു ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്ക് ഇവര്‍ക്ക് പ്രവേശനമില്ല. ശിവരാത്രിക്കു ശേഷം വിഗ്രഹത്തില്‍ വെളുത്ത പൊടി പൂശും. അതിനു ശേഷം ഗംഗാ ജലം തളിക്കും. പിന്നീടാണ് വിഗ്രഹത്തെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതെന്നും മനാസ് അറിയിച്ചു. ഉത്തരാഖണ്ഡിലെ അല്‍മോരയില്‍ പുരാതന ശിവക്ഷേത്രമായ വൃദ്ധ് ജഗേശ്വര്‍ ക്ഷേത്രത്തില്‍ ഇപ്പോഴും ദളിതുകള്‍ക്ക് പ്രവേശനമില്ല.
ഇവിടെ ദളിതുകള്‍ ക്ഷേത്രത്തിനു പുറത്തുനിന്നാണ് പ്രാര്‍ഥന നടത്തുന്നത്. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ ബയിജ്നാഥ് ക്ഷേത്രത്തിലും സമാന അവസ്ഥയാണ്. ശിവപാര്‍വതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദളിതര്‍ക്ക് ക്ഷേത്രത്തിനു പുറത്തുനിന്നു മാത്രമേ പ്രാര്‍ഥന നടത്താന്‍ സാധിക്കു. എല്ലാ വിഭാഗത്തില്‍പ്പെട്ട ബ്രാഹ്മണര്‍ക്കും ഠാക്കൂര്‍മാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം. ദളിതുകള്‍ക്ക് കഴിയില്ലെന്ന് പൂജാരി പറഞ്ഞു.
ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം ദളിതുകളെ ഭരണത്തില്‍ പങ്കാളികളാക്കണമെന്ന് ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ക്ഷേത്രങ്ങളെയെല്ലാം ഭരണഘടനാപരമായ അധികാരങ്ങള്‍ക്കു കീഴിലാക്കണം. ക്ഷേത്രഭരണസമിതി നിയമനത്തിന് യോഗ്യത നിര്‍ണയിക്കണം. ഇപ്രകാരം ഇടുന്ന പട്ടികയില്‍നിന്ന് ജോലിക്കാരെ തെരഞ്ഞെടുക്കുകയും വേണം ചന്ദ്രശേഖര്‍ പറഞ്ഞു