ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കള്ളപ്പണക്കേസില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ചൊവ്വാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. ഡല്‍ഹി ഖാന് മാര്‍ക്കറ്റിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്ത് രാവിലെ ചോദ്യം ചെയ്യല്‍ ആരംഭിക്കും.
ശിവകുമാര്‍ രൂപവത്കരിച്ച എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ ട്രസ്റ്റിയാണ് ഐശ്വര്യ. കോടികളുടെ ബിസിനിസ് കൈകാര്യം ചെയ്യുന്ന ട്രസ്റ്റാണിത്. നിരവധി എന്‍ജിനിയറിംഗ് കോളജുകളും ട്രസ്റ്റ് നടത്തുന്നുണ്ടെന്ന് ഇഡി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
2017-ല്‍ ശിവകുമാറും മകള്‍ ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംഗപ്പൂരിലേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും ഇഡി ആരായും. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബര്‍ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ഇഡി കസ്റ്റഡിയിലാണ് ശിവകുമാര്‍. 2018 സെപ്റ്റംബറിലാണു ശിവകുമാറിനെതിരേ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.