തൊടുപുഴ• വാഗമണില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവാങ്കുളം കണ്ടനാട് തെക്കുംപുറത്ത് തങ്കപ്പന്റെ മകന്‍ അരുണി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 1300 അടി താഴ്ചയിലാണു മൃതദേഹം. പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. വാഗമണില്‍ കണ്ടെത്തിയ ബൈക്കിന്റെ നമ്ബര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അരുണിന്റെ വാഹനമാണെന്നു കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടു മുതല്‍ അരുണിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ഒരു സുഹൃത്തിനൊപ്പം ഇയാള്‍ ഉദയംപേരൂര്‍ നടക്കാവ് ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പുറപ്പെട്ടുവെന്നാണു ബന്ധുക്കള്‍ പറയുന്നത്. ഇന്നു രാവിലെ മുതലേ പൊലീസും ഡിടിപിസി അധികൃതരും പരിശോധന നടത്തുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ ഒരു കഷ്ണവും, ചെരുപ്പും വാഗമണിലേക്കുള്ള പ്രവേശന കൂപ്പണും സ്ഥലത്തുനിന്നു കണ്ടെത്തി. യുവാക്കള്‍ താഴ്ചയിലേക്ക് ഊര്‍ന്നു പോയതിന്റെ പാടുകളുണ്ട്. ഇളംകുളത്ത് എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്ഥാപനത്തിലാണു അരുണിനു ജോലി. ഇയാളോടൊപ്പം പോയ കൂട്ടുകാരന്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ല. വിവരമറിഞ്ഞ് അരുണിന്റെ ബന്ധുക്കള്‍ വാഗമണിലെത്തി.