കൊല്ലം: 2014 നവംബര്‍ 11ന് കാണാതായ ചിന്നക്കട കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തു. കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ റോയി എന്നയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിന്നക്കടയിലെ ബീവറേജസിനു സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണു മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍ എന്നു തെളിഞ്ഞിരുന്നു. പ്രതികളില്‍ ഒരാളുടെ മകളെ കൃഷ്ണകുമാര്‍ ശല്യപ്പെടുത്തിയതും മറ്റൊരു പ്രതിയുടെ ഭാര്യയുമായുള്ള ബന്ധവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി പൈ ഗോഡൗണ്‍ വളപ്പില്‍ കൃഷ്ണകുമാറും റോയിയും മുരുകനും അയ്യപ്പനും ഒരുമിച്ചിരുന്നു മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. ഇതിനിടെ പ്രതികളും കൃഷ്ണകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. പൈ ഗോഡൗണ്‍ കെട്ടിടം പൊളിച്ചപ്പോള്‍ കൂട്ടിയിട്ടിരുന്ന കല്ലുകളും ഇരുമ്ബു കഷണങ്ങളും ഉപയോഗിച്ച് ഇവര്‍ കൃഷ്ണകുമാറിനെ ആക്രമിക്കുകയായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണകുമാറിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ വളപ്പില്‍ കുഴിച്ചുമൂടിയതായി മാതാവ് രാജമ്മ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കൊല്ലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതികള്‍ക്കൊപ്പം ഗോഡൗണ്‍ വളപ്പിലിരുന്നു മദ്യപിച്ച ചുമട്ടുതൊഴിലാളി അന്‍സറിന്റെ വെളിപ്പെടുത്തലാണു കൊലപാതകത്തിലേക്കു വെളിച്ചം വീശിയത്.