ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ താമസകെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശിയായ ഇരുപത്തിയാറുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാര്‍ജ അല്‍ നഹ്ദയില് താമസക്കെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയിലാണ് നെടുമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ കാവല്‍ക്കാരനാണ് മൃതദേഹം ആദ്യം കണ്ടത് . തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന യുവാവ് കൈയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗുമായി വരാന്തയിലൂടെ ഗാര്‍ബേജ് മുറിയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഫ്ലാറ്റിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ യുവാവ് അവിടെ നിന്നും തിരിച്ചുവരുന്നുമില്ല. പതിനഞ്ചാം നിലയില്‍ നിന്ന് മാലിന്യപെട്ടിയിലേക്ക് വീണ് വിഷവാതകം ശ്വസിച്ച് മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.