ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

32

സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ സംസ്ഥാന ഗൈഡൻസ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികൾ ചർച്ച ചെയ്തു. കൃഷിയിലൂടെ ഉൽപാദിപ്പിച്ച മത്സ്യത്തിന് ന്യായവില ലഭ്യമാക്കുന്നതിന് കഴിയുമാറ് മാർക്കറ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കുവാൻ യോഗം തീരുമാനിച്ചു.

മത്സ്യകൃഷിക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് പ്രത്യേക ഫണ്ട് വകയിരുത്തുന്നതിനും 2022 – 23 സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്നതിനും തീരുമാനിച്ചു. കല്ലുമ്മേക്കായ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കല്ലുമ്മേക്കായ വിത്ത് ശേഖരണത്തിനായി 2018-ൽ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനും നടപടി എടുക്കും. മത്സ്യകർഷകരുടെ കൂടി പങ്കാളിത്തത്തോടെ മത്സ്യവിത്ത് ഉത്പാദനത്തിന് നടപടിയെടുക്കും. കർഷകർക്ക് സബ്സിഡിയും മറ്റ് സഹായങ്ങളും യഥാസമയം അനുവദിക്കുന്നതിന് നടപടി എടുക്കും.

തദ്ദേശ സ്വംയഭരണ സ്ഥാപന തലത്തിൽ മത്സ്യകൃഷി സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അദ്ധ്യക്ഷൻമാർ, മത്സ്യകൃഷി പ്രൊമോട്ടർമാർ, യൂത്ത് ക്ലബ്ബ് കോർഡിനേറ്റർമാർ, കർഷക പ്രതിനിധികൾ, MNREGS എന്നിവരുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. മത്സ്യകൃഷിയിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിക്കാൻ യൂത്ത് ക്ലബ്ബുകളുമായി പദ്ധതികൾ തയ്യാറാക്കാൻ തീരുമാനിച്ചു. കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തി മത്സ്യകൃഷി പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തും.

കർഷകരുടേയും ഉപഭോക്താക്കുളുടേയും വാട്സ് ആപ് കൂട്ടായ്മകൾ പ്രാദേശിക തലത്തിൽ രൂപീകരിച്ച് പ്രാദേശിക തലത്തിൽ മത്സ്യവിപണനം സാധ്യമാക്കും. ബയോഫ്ളോക് കൃഷിയുടെ വിജയ പരാജയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗം നിർദ്ദേശിച്ചു. യോഗത്തിൽ മന്ത്രിമാർക്ക് പുറമേ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS