വട്ടിയൂര്‍ക്കാവ് – കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കോൺഗ്രസ് ആശയകുഴപ്പത്തിലേക്ക്.

134

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് – കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കോൺഗ്രസ് ആശയകുഴപ്പത്തിലേക്ക്. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ നിര്‍ദേശിച്ച എന്‍ പീതാംബരക്കുറിപ്പിന്റെ പേര് അംഗീകരിക്കപ്പെട്ടില്ല. രാത്രി വൈകി നടന്ന ചര്‍ച്ചയില്‍ സിപിഎം പ്രശാന്തിനെ കൂടി നിര്‍ത്തിയ സ്ഥിതിക്ക് മികച്ച സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായവും പീതാംബരക്കുറുപ്പിനെതിരായ പഴയ ആരോപണവും വിനയാകുമോ എന്ന അഭിപ്രായവും ചിലര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. അതോടെയാണ് പീതാംബര ക്കുറിപ്പിന്റെ പേര് തള്ളിയത്.

മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റും നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ കെ. മോഹന്‍കുമാറിന്റെ പേരാണ് നേതൃത്വം സജീവമായി പരിഗണിക്കുന്നത്. പാലക്കാട് മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങിനായി പുറപ്പെടാനിരുന്ന മോഹന്‍കുമാര്‍ യാത്ര വെട്ടിച്ചുരുക്കി തലസ്ഥാനത്തെത്തി. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ചനടത്തി. എന്നാല്‍ മോഹന്‍കുമാറിന്റെ പേരിനോട് കെ.മുരളീധരന്‍ എതിര്‍പ്പ് രേഖപ്പെടുത്തി. പകരമായി മുന്‍ യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ യുവനേതാവ് ആര്‍.വി രാജേഷിന്റെ പേര് മുരളീധരന്‍ നിര്‍ദേശിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ രാജേഷിനെക്കാള്‍ മോഹന്‍ കുമാറി നെയാണ് പിന്തുണക്കുന്നത്. ഒരുപേരിലെത്തിയില്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലും പാനലായി രണ്ട് പേരുകള്‍ ഹൈക്കമാന്‍ഡിന് അയച്ചേക്കും.

കോന്നിയില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ അടൂര്‍ പ്രകാശ് തുടരുമ്പോൾ ഈഴവ സ്ഥാനാര്‍ഥിയാകും അനുയോജ്യമെന്ന നിലപാടിലാണ് ഡിസിസി. കെപിസിസിയിലെ പല നേതാക്കള്‍ക്കും സാമുദായിക സമവാക്യം പാലിക്കണമെന്ന അഭിപ്രായക്കാരാണ്.

റോബിന്‍ പീറ്ററിന് പകരമായി ഐ ഗ്രൂപ്പ് പഴകുളം മധുവിനെ നിര്‍ദേശിച്ചു. എന്നാല്‍ മധുവിനെ അംഗീകരിക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറായിട്ടില്ല. ഇതേ സമയം എ ഗ്രൂപ്പ് കോന്നിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ അഡ്വ. പി മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. നിലവില്‍ കോന്നി സീറ്റ് ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ്. അവര്‍ അത് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ കോന്നി, അരൂര്‍ സീറ്റുകള്‍ എ, ഐ ഗ്രൂപ്പുകള്‍ വച്ചുമാറുന്ന ഫോര്‍മുല ഉരുത്തിരിയേണ്ടി വരും. അങ്ങനെയെങ്കില്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിച്ചേക്കും.അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് രാജേഷും എറണാകുളത്ത് ടി.ജെ വിനോദും സ്ഥാനാര്‍ഥിയാകാനാണ് എല്ലാ സാധ്യതയും. കെ.വി തോമസും എറണാകുളം സീറ്റിനായി ഡല്‍ഹി കേന്ദ്രീകരിച്ച്‌ നീക്കങ്ങള്‍ നടത്തുന്നുണ്ട്‌.

ഇന്ദിരാ ഭവന്‍ കേന്ദ്രീകരിച്ച്‌ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ചര്‍ച്ചകള്‍ നടന്നു. ഏകാഭിപ്രായത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ റോബിന്‍ പീറ്റര്‍, പഴകുളം മധു, പി. മോഹന്‍രാജ് എന്നീ മൂന്നുപേരുകള്‍ ഉള്‍പ്പെടുത്തി പാനലായി ഹൈക്കമാന്‍ഡിന് നല്‍കിയേക്കും.

NO COMMENTS