കോഴിക്കോട്• സര്‍ക്കാര്‍ അധികാരത്തിലെത്തി 140 ദിവസത്തിനുള്ളില്‍ സ്വജനപക്ഷപാതത്തിന്‍റെ പേരില്‍ പ്രതിയായി ഒരു മന്ത്രി രാജിവയ്ക്കുന്നത് സിപിഎമ്മിന്‍റെ അഴിമതി മുഖമാണ് തുറന്നു കാണിക്കുന്നതെന്നു ഡീന്‍ കുര്യാക്കോസ്. ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെ അഴിമതി നടന്നതില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു കാണിക്കാനാണു നേതാക്കളും മുഖ്യമന്ത്രിയും വെമ്പല്‍ കൊള്ളുന്നത്. ഭരണാനുകൂല്യത്തിന്‍റെ പേരില്‍ നിയമിക്കപ്പെടുന്ന പ്യൂണ്‍ മുതല്‍ ഉന്നത പൊതുമേഖലാ നിയമനങ്ങള്‍ വരെ പാര്‍ട്ടി അംഗീകരിച്ചു നടത്തിയതിനു ശേഷം, പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു ജയരാജനെ രാജിവെപ്പിച്ചത്. ഇതു മറ്റ് അഴിമതി നിയമനങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിയ്ക്കാനാണെന്നും ഡീന്‍ ആരോപിച്ചു.അഴിമതി കേസില്‍ കുറ്റാരോപിതനായ ടി.പി.ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ആയതു മുതല്‍ കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പക്സ്, അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍, മല്‍സ്യഫെഡ് എന്നിവിടങ്ങളില്‍ ആളെ നിയമിച്ചതിലും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി മുഖ്യമന്ത്രിയുടെ ബന്ധുക്കളെ തിരുകിക്കയറ്റിയതിലും വരെ മുഖ്യമന്ത്രിക്കും, പാര്‍ട്ടിക്കും വ്യക്തമായ പങ്കുണ്ടെന്നു ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.