ന്യൂഡൽഹി : സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കും. 2017 ഓഗസ്റ്റ് 28ന് ജെ.എസ് ഖെഹാറിന്റെ പിന്‍ഗാമിയായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്.2018 ഒക്ടോബര്‍ 2നാണ് കാലാവധി പൂര്‍ത്തിയാവുന്നതെങ്കിലും ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാല്‍ ഇന്നത്തോടെ സുപ്രീം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസ് പടിയിറങ്ങും. ഒഡീഷയില് നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസായ മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.
സുപ്രധാന കേസുകൾ ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരേയാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് ഇംപീച്ച്‌മെന്റിന് ആധാരമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം.
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന സെക്ഷന്‍ 377 റദ്ദാക്കിയതും വിവാഹേതര ലൈംഗികബന്ധം കുറ്റകരമായി കണ്ടിരുന്ന സെക്ഷന്‍ 497 റദ്ദാക്കിയതും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്.
ആധാര്‍ കാര്‍ഡിന്റെ സാധുത സംബന്ധിച്ച നിര്‍ണായക വിധിയും, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും വന്നതിലൂടെ വിമര്‍ശകരുടെ പോലും അഭിനന്ദനം ദീപക് മിശ്ര ഏറ്റുവാങ്ങി. രാജ്യത്തെ സിനിമ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ദീപക് മിശ്രയുടെ വിധി ഏറെ വിവാദമായിരുന്നു.