നോയിഡ • ന്യൂഡല്‍ഹിയില്‍ സ്ഫോടനപരമ്ബരയ്ക്കു പദ്ധതിയിടുന്നതിനിടെ നക്സലൈറ്റ് നേതാവ് അടക്കം ഒന്‍പതു പേര്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പിടിയിലായി. നാലുവര്‍ഷമായി പൊലീസ് തിരയുന്ന പ്രദീപ് സിങ് ഖര്‍വാറും സംഘവുമാണ് പിടിയിലായത്. ഇവരില്‍നിന്നു വെടിക്കോപ്പുകളും മറ്റായുധങ്ങളും പിടിച്ചെടുത്തു.നോയിഡ സെക്ടര്‍ 49ലെ ഹിന്‍ഡന്‍ അപ്പാര്‍ട്ട്മെന്‍റില്‍ നക്സലൈറ്റുകള്‍ ഒളിവില്‍ താമസിക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഭീകരവിരുദ്ധ സ്ക്വാഡും ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ആറു തോക്കുകള്‍, വെടിക്കോപ്പുകള്‍, 125 ഡിറ്റനേറ്ററുകള്‍, വെടിമരുന്ന് തുടങ്ങിയവ പിടിച്ചെടുത്തു. പിടിയിലായ പ്രദീപ് സിങ് ഖര്‍വാര്‍ ജാര്‍ഖണ്ഡിലെ നക്സലൈറ്റ് നേതാവാണ്.
ഇയാളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.പിടിയിലായ മറ്റുളളവര്‍ ഗ്രേറ്റര്‍ നോയിഡ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് സ്വദേശികളാണ്. രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താന്‍ നക്സലൈറ്റുകള്‍ പദ്ധതിയൊരുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് നിരീക്ഷണവും അന്വേഷണവും ശക്തമാക്കിയത്. നക്സലൈറ്റുകള്‍ പിടിയിലായതോടെ വന്‍പദ്ധതി പൊളിക്കാന്‍ കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.