ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച നഗരത്തിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. മലിനീകരണം ഇതേ അളവില്‍ തുടരുകയാണെങ്കില്‍ സ്കൂളുകളുടെ അവധി തുടരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അന്തരീക്ഷം മലിനമായതിനെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ഞായറാഴ്ച ഉച്ചയോടെ കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചത്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനുള്ളിലുണ്ടായ കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
മലിനീകരണം തലസ്ഥാന നഗരിയിലെ ജനജീവിതത്തെ സാരമായി ബാധിച്ച നിലയിലാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങാനാകുന്നില്ല. ആസ്തമ, ഹൃദ്രോഗ രോഗികളും കുട്ടികളും ഏറെ സൂക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തരസാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച ഡല്‍ഹിയിലെയും അയല്‍സംസ്ഥാനങ്ങളിലെയും പരിസ്ഥിതിമന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിരുന്നു. ഡല്‍ഹിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അഞ്ചു ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. ഡീസല്‍ ജനറേറ്ററുകള്‍ക്ക് പത്തു ദിവസത്തെ നിരോധനമേര്‍പ്പെടുത്തി. വാഹനങ്ങള്‍ ഒറ്റ-ഇരട്ട രീതിയില്‍ പുറത്തിറക്കുന്ന രീതി തിരികെ കൊണ്ടുവരുന്നതും അടിയന്തര യോഗത്തില്‍ ചര്‍ച്ചയുണ്ടായി. മലിനീകരണ തോത് കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.