ന്യുഡല്‍ഹി: ശവസംസ്കാരം നടത്താന്‍ പൊതുശ്മശാനം നിഷേധിക്കപ്പെട്ട ആദിവാസി യുവാവ് മാലിന്യങ്ങള്‍ കൂട്ടി ഭാര്യയ്ക്ക് ചിതയൊരുക്കി. മധ്യപ്രദേശിലെ നീമച്ചിലാണ് സംഭവം. പണമില്ലാത്തതിനാല്‍ പൊതുശ്മശാനത്തില്‍ ശവസംസ്കാരത്തിന് അനുമതി നിഷേധിക്കപ്പെട്ട ജഗദീഷ് ഭില്‍ എന്ന ആദിവാസി യുവാവാണ് മാലിന്യങ്ങള്‍ പെറുക്കിക്കൂട്ടി പ്രിയതമയ്ക്ക് ചിതയൊരുക്കിയത്. മാലിന്യക്കൂന്പാരങ്ങളില്‍ നിന്ന് പെറുക്കിയെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ ടയറുകളുമാണ് ഇതിനായി ജഗദീഷ് ശേഖരിച്ചത്.
പൊതുശ്മശാനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തെയും ജനപ്രതിനിധിയെയും സമീപിച്ചെങ്കിലും അവര്‍ ജഗദീഷിനെ കയ്യൊഴിഞ്ഞു. ഇതേതുടര്‍ന്നാണ് മാലിന്യം ശേഖരിച്ച് ഭാര്യയ്ക്ക് ചിത ഒരുക്കാന്‍ ജഗദീഷ് തീരുമാനിച്ചത്.
ജഗദീഷിനെ സഹായിക്കാന്‍ വിസമ്മതിച്ച മുനിസിപ്പല്‍ കൗണ്‍സിലറും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളാണ്. കൗണ്‍സിലര്‍, ജഗദീഷിനെ സഹായിക്കാന്‍ വിസമ്മതിച്ചുവെന്ന് മാത്രമല്ല മൃതദേഹം പുഴയില്‍ എറിയാനും നിര്‍ദ്ദേശിച്ചു.
ആംബുലന്‍സ് സൗകര്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഡീഷയിലെ ആദിവാദി യുവാവ് ഭാര്യയുടെ മൃതദേഹവും ചുമന്ന് നടക്കാനിടയായ സംഭവം വിവാദമായതിന് പിന്നാലൊണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.