ന്യൂഡല്‍ഹി • ഡല്‍ഹി നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ നാടകീയ പ്രതിഷേധം. നിയമസഭയുടെ മേശപ്പുറത്ത് കയറി നിന്നാണ് ബിജെപി എംഎല്‍എ വിജേന്ദ്ര ഗുപ്ത പ്രതിഷേധം പ്രകടിപ്പിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബിജെപി എംഎല്‍എ മേശപ്പുറത്ത് കയറിയത്. വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ച വിജേന്ദ്ര ഗുപ്ത സ്പീക്കറുടെ വലതു വശത്ത് മുന്‍നിരയിലാണ് ഇരുന്നിരുന്നത്.
നിയമസഭയ്ക്കകത്ത് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് വിജേന്ദ്ര ഗുപ്ത ഉള്‍പ്പെടെയുള്ള ബിജെപി എംഎല്‍എമാര്‍ ആരോപിച്ചിരുന്നു.
ഇന്നും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാവുകയും ചെയ്തു.
ഇതിനിടെ ക്ഷുഭിതനായ കേജ്രിവാള് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവിടുമെന്ന് വിജേന്ദ്ര ഗുപ്തയോട് പറഞ്ഞു. ഇതോടെയാണ് വിജേന്ദ്ര ഗുപ്ത മേശയ്ക്കുമേല്‍ കയറിനിന്ന് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നതെന്ന് പറഞ്ഞ് പ്രതിഷേധിച്ചത്. വരും ദിവസങ്ങളിലും ഡല്‍ഹി നിയമസഭയില്‍ വാക്കു തര്‍ക്കം രൂക്ഷമാകുമെന്നതിന്റെ സൂചനയാണ് ഇന്നുണ്ടായിരിക്കുന്നത്.
സഭയ്ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതാണ് എംഎല്‍എയുടെ പ്രവര്‍ത്തിയെന്ന് സ്പീക്കര്‍ പ്രതികരിച്ചു. താന്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയാറായില്ലെന്നും സ്പീക്കര്‍ പറഞ്ഞു. 70 അംഗ നിയമസഭയില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണുള്ളത്.