ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു : അമിക്കസ് ക്യൂറി

156

ന്യൂഡല്‍ഹി• ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നു തെളിയിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നു കേസിലെ അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെ ഇന്നലെ നടന്ന വാദത്തിലാണു ഹെഗ്ഡെ നിലപാട് അറിയിച്ചത്. അവധി ദിനമായിട്ടും കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു വാദം കേള്‍ക്കാന്‍ കോടതി തയാറാകുകയായിരുന്നു. കേസില്‍ തങ്ങളെ സഹായിക്കുന്നതിനായി കോടതി നിയമിച്ച അഭിഭാഷകനാണു അമിക്കസ് ക്യൂറി. കീഴ്ക്കോടതികള്‍ വിധിച്ച വധശിക്ഷയ്ക്കെതിരെ കേസിലെ പ്രതികളായ മുകേഷ് സിങ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണു കോടതി പരിഗണിക്കുന്നത്. കേസില്‍ ആകെ ആറു പ്രതികളുണ്ടായിരുന്നു. ഇതില്‍ മുഖ്യപ്രതി ജയിലില്‍ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങി. 2012 ഡിസംബര്‍ 15ന് ആണു രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗം നടന്നത്. സുഹൃത്തുമൊത്ത് സഞ്ചരിക്കുകയായിരുന്ന ഇരുപത്തിമൂന്നുകാരി പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ പ്രതികള്‍ ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇര പിന്നീടു ചികില്‍സയ്ക്കിടെ മരിച്ചു. പ്രതികള്‍ മുന്‍കൂട്ടി ഗൂഢാലോചന നടത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു അമിക്കസ് ക്യൂറി പറഞ്ഞു. ചില സാഹചര്യത്തെളിവുകളാണു ഗൂഢാലോചനയ്ക്കു തെളിവായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരുടെ ജാമ്യാപേക്ഷയിലാണു ഹെഗ്ഡെ കോടതിയെ സഹായിക്കുന്നത്. മുകേഷ്, പവന്‍ എന്നിവരുടെ അപ്പീലില്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി.

NO COMMENTS

LEAVE A REPLY