ന്യൂഡല്‍ഹി: ഒരു സിനിമയുടെ ക്ലൈമാക്സ് കാണുന്ന ത്രില്ലിലായിരുന്ന ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന്‍. പുറത്ത് രോഗികളുടെ നീണ്ട നിരയും ബഹളവുമൊന്നും ഇയാളുടെ സിനിമ ആസ്വാദനത്തെ ബാധിച്ചില്ല. ഇതിനിടയിലാണ് ഒരാള്‍ പുറത്ത് തട്ടി വിളിക്കുന്നത്. വേറാരുമല്ല ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ജോലി സമയത്ത് സിനിമ കാണുകയായിരുന്ന ആശുപത്രി ജീവനക്കാരനെ ഡല്‍ഹി ഉപമുഖ്യമന്ത്രി കയ്യോടെ പിടികൂടി. സര്‍ക്കാര്‍ ആശുപത്രിയില്‍ സിസോദിയയും ഉദ്യോഗസ്ഥരും നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിലാണ് ഓഫീസ് കമ്ബ്യൂട്ടറില്‍ സിനിമ കാണുകയായിരുന്ന ജീവനക്കാരനെ പിടികൂടിയത്.
സുഖമില്ലെന്ന് പറഞ്ഞ് ജീവനക്കാരന്‍ ഒഴിഞ്ഞ് മാറിയെങ്കിലും മേലുദ്യോഗസ്ഥനെ കൊണ്ട് ഉടന്‍ തന്നെ സിസോദിയ നടപടി എടുപ്പിച്ചു.
സംഭവത്തിന്റെ വീഡിയോ ആം ആദ്മി പാര്‍ട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലായിരിക്കുകയാണ്.