കാസര്‍കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പടന്നക്കാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ സ്‌ട്രോങ് റൂമുകള്‍ക്കൊരുക്കിയ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുന്നു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രസാമഗ്രികളാണ് കോളേജിലെ 15 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്നത്.
ത്രിതല സുരക്ഷാ സംവിധാനമാണ് സ്‌ട്രോങ് റൂമില്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്രസേന, സംസ്ഥാന പൊലീസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരടങ്ങുന്നതാണ് സുരക്ഷാ സംവിധാനം. സ്‌ട്രോങ് റൂം സ്ഥിതി ചെയ്യുന്ന ഭാഗത്ത് സിആര്‍പിഎഫിന്റെ 84 ഭടന്മാരാണ് ഒരേസമയം സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്നത്. കോളേജ് ക്യാമ്പസിനകത്തായി കേരളാ ആംഡ് പൊലീസിന്റെ 29 സുരക്ഷാ ഉദ്യോഗസ്ഥരും കോമ്പൗണ്ടിന് പുറത്ത് ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 ലോക്കല്‍ പൊലീസും 24 മണിക്കൂറും കര്‍ശന സുരക്ഷാ പ്രവര്‍ത്തനത്തിലാണ്.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെയും പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെയും സ്വീകരണ കേന്ദ്രങ്ങള്‍ വഴി സ്വീകരിച്ച വോട്ടിങ് യന്ത്ര സാമഗ്രികള്‍ ഏപ്രില്‍ 24ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്.
ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ എസ് ഗണേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദു റഹ്മാന്‍, ഏഴ് നിയമസഭാ മണ്ഡലളിലേയും ഉപവരണാധികാരികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടിങ് സാമഗ്രികള്‍ സീല്‍ ചെയ്ത് സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചത്. വോട്ടെണ്ണല്‍ ദിനമായ മേയ് 23 ന് മാത്രമേ സ്‌ട്രോങ് റൂം തുറക്കുകയുള്ളൂ.