കാസറഗോഡ് : ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജെ, കുമ്പഡാജെ, ബെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 119 വാര്‍ഡുകളിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.
ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, യൂത്ത്കബ്ബ്, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 8400 ഓളം പേരാണ് സ്‌ക്വാഡില്‍ അംഗങ്ങളായിട്ടുള്ളത്. വാര്‍ഡ് ശുചിത്വ സമിതികളുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുള്ളത്. കൊതുക് ഉറവിട നശീകരണം, ബോധവത്ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഇതുവരെയായി 23 ഡങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. 235 പേരില്‍ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
35,000 വീടുകള്‍ സന്ദര്‍ശിക്കും
ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായ ഹെല്‍ത്ത് ബ്ലോക്കിലെ 35,000 ത്തോളം വീടുകളാണ് സന്ദര്‍ശിക്കുന്നത്. വീടുകളില്‍ കാണുന്ന കൊതുക് ഉറവിടങ്ങള്‍ വീട്ടുകാരെകൊണ്ട് തന്നെ നശിപ്പിച്ച് എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡെ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും.
ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് തല ഇന്റര്‍ സെക്ടറില്‍ കോ – ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം 119 വാര്‍ഡുകളിലും ശുചിത്വ സമിതികള്‍ യോഗം ചേര്‍ന്ന് വാര്‍ഡ് തല കര്‍മ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.