കാസറഗോഡ് : ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനോടൊപ്പം തന്നെ സമ്പര്‍ക്ക കേസ് വര്‍ധിച്ചു വരുന്നതിനാല്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിത പ്പെടുത്തുന്നതിന്റെ ഭാഗമായി റാപിഡ് ആന്റിജന്‍ ടെസ്റ്റ് വിപുലമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ എ വി രാംദാസ് അറിയിച്ചു. രോഗലക്ഷണമുള്ളവര്‍, രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍,
അടിയന്തിര ആശുപത്രി കേസുകള്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് പ്രധാനമായും ഈ ടെസ്റ്റിന് വിധേയമാക്കുന്നത്. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ജനറല്‍ ആശുപത്രി കാസറഗോഡ്, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, പെരിയ, ഉദുമ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, മംഗല്‍പ്പാടി,നീലേശ്വരം, പനത്തടി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവടങ്ങളിലും ജില്ലയില്‍ സജ്ജീകരിച്ച രണ്ടു മൊബൈല്‍ യൂണിറ്റുകള്‍ വഴിയുമാണ് ടെസ്റ്റ് ചെയ്യുന്നത്. ജില്ലയില്‍ ഇതിനായി 5480 കിറ്റുകള്‍ ലഭ്യമായിട്ടുണ്ട്.
ആഴ്ചയില്‍ 1000 ത്തോളം സ്രവ പരിശോധന
ജൂലൈ 11 മുതല്‍ ജൂലൈ 14 വരെയായി 894 പേരെ പരിശോധനക്ക് വിധേയരാക്കിയതില്‍ 55 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.പരിശോധനക്ക് വിധേയനാകുന്ന ആളുകളുടെ മൂക്കിലെ സ്രവമെടുത്താണ് പരിശോധന നടത്തുന്നത്. അര മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാകുന്നതിനാല്‍ രോഗം സ്ഥിരീകരിച്ചവരെ പെട്ടെന്ന് തന്നെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും കൂടുതല്‍ സമ്പര്‍ക്കം ഓഴിവാക്കുന്നതിനും ഇത് സഹായകരമാകും.
റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് പുറമേ ഓഗ് മെന്റല്‍ സര്‍വ്വലെന്‍സിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജീകരിച്ച് ആഴ്ച തോറും 1000 ത്തിലധികം സ്രവ പരിശോധനയും നടത്തും. മൊബൈല്‍ ടീമുകള്‍ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ നടത്തിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.
ജില്ലയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായി പുറത്തിറങ്ങരുത് ,അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ മാസ്‌ക് ധരിക്കണം, ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കണം, ഇടയ്ക്കിടെ കൈകള്‍ കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക. 10 വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും വീടിനു പുറത്തിറങ്ങരുത്.
ഇത് കടയിലെ ജീവനക്കാരും ഉടമകളും ശ്രദ്ധിക്കണം.സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുമായും കടയിലെ ജീവനക്കാര്‍ തമ്മിലും കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങള്‍ കൊടുത്ത ശേഷം കൈ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം.ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഫോണ്‍ 0467 2209901, 04994 255001..
ഊടുവഴികളിലൂടെ ജില്ലയിലേക്ക് ആളുകളെ കൊണ്ടുവന്നാല്‍ കര്‍ശന നിയമ നടപടി:
കര്‍ണ്ണാടകയില്‍ നിന്നും ജില്ലയിലേക്ക് അധികൃതമായി ഊടുവഴികളിലൂടെ ആളുകളെ കൊണ്ടു വന്നാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാപോലീസ് മേധാവിക്ക് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി.കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഊടുവഴികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി.ഏജന്റ്മാര്‍ക്ക് പണം നല്‍കി നിരവധി പേര്‍ ഊടുവഴിയിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.ഇങ്ങനെ ഊടുവഴിയിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി ശക്തമാക്കും.നിയന്ത്രണം ലംഘിച്ച് ഊടുവഴിയിലൂടെ ജില്ലയിലേക്ക് ആളുകളെ കടത്തി കൊണ്ടുവരുന്ന സംഘത്തിലെ അംഗമായ സാജന്‍ ഉപ്പളയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.