നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് നേടിയ കേരള സർവകലാ ശാലയെ ജൂലൈ 22 ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദരിക്കും. വൈകിട്ടു 3.30നു കേരള സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും.
നാക് എ++ അംഗീകാരം കിട്ടാൻ വേണ്ട മിനിമം ഗ്രേഡ് പോയിന്റ് 3.51 ആണെന്നിരിക്കെ കേരള സർവകലാശാലയ്ക്ക് 3.67 പോയിന്റ് നേടാനായത് അതിന്റെ ഗുണമേൻമയുടെ ഉയർന്ന നിലവാരമാണു സൂചിപ്പിക്കുന്നതെന്നു മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിക്കുലം-3.8. അധ്യാപനം / പഠനം/ മൂല്യനിർണ്ണയം-3.47. ഗവേഷണം/ കണ്ടുപിടിത്തം-3.52. അടിസ്ഥാനസൗകര്യങ്ങൾ/ പഠനസൗകര്യങ്ങളുടെ പര്യാപ്തത-3.75. സ്റ്റുഡന്റ് സപ്പോർട്ട്/ പ്രോഗ്രഷൻ-3.93. ഗവേർണസ്/ ലീഡർഷിപ്പ്/ മാനേജ്മെന്റ് 3.61. ഇൻസ്റ്റിറ്റിയൂഷണൽ വാല്യൂസ് ആൻഡ് ബെസ്റ്റ് പ്രാക്ടീസസ്- 3.96 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും ലഭിച്ച സ്‌കോറുകൾ. ഈ സൂചികകൾക്ക് 4-ൽ ലഭിച്ച സ്‌കോറിന്റെ ടോട്ടൽ ആവറേജ് ആണ് 3.67. സ്വയംപഠന റിപ്പോർട്ടിന്റെ സ്‌കോർ, നേരിട്ടുള്ള പരിശോധനയും വിലയിരുത്തലും ചേർന്നതാണു മൂല്യനിർണയ പ്രക്രിയ.
2003ൽ ബി++ ഉം, 2015 ൽ എ ഗ്രേഡും ആണ് ‘നാക്’ അക്രഡിറ്റേഷനിലൂടെ കേരളസർവകലാശാല മുൻപു നേടിയിട്ടുള്ളത്. രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളിൽ ഏറ്റവും ഉയർന്ന ഗ്രേഡുള്ള 10 സർവകലാശാലകളിൽ ഒന്നാണ് കേരള സർവകലാശാല. സംസ്ഥാന സർവകലാശാലകളിൽ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് നേടി കേരള സർവകലാശാല ഒന്നാമതാ ണെന്നതും സവിശേഷതയാണ്.
മികച്ച അക്കാദമിക അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും, മികച്ച ഗവേഷണ സംസ്‌കാരം, ഗ്രാമം ദത്തെടുക്കൽ ഉൾപ്പെടെ യുള്ള അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് സർവകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സവിശേഷതകളായി ‘നാക്’ അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.