ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന് ; സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം

37

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗൂരുവായൂർ ദേവസ്വത്തിലെ പാർട്ട്‌ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ: 23/2022), കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ (കാറ്റഗറി നമ്പർ: 16/2023), കഴകം (കാറ്റഗറി നമ്പർ: 17/2023) എന്നീ തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ ഡിസംബർ 17 നു രാവിലെ 10.30 മുതൽ 12.15 വരെ തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

ഈ തസ്തികകളുടെ ഒ.എം.ആർ പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ, അവർക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴു ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം അറിയിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

പരീക്ഷയുടെ ഹാൾടിക്കറ്റ് മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന (എഴുതുവാൻ ബുദ്ധി മുട്ടുണ്ട്) എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിനു വേണ്ടി പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kdrb.kerala.gov.in)സന്ദർശിക്കുക.

NO COMMENTS

LEAVE A REPLY