ആസാറാം ബാപ്പുവിനൊപ്പം യാത്ര ചെയ്ത അനുയായികള്‍ വിമാനത്തില്‍ അഴിഞ്ഞാടി

166

ജോധ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത ആള്‍ദൈവം ആസാറാം ബാപ്പുവും അനുയായികളും മറ്റ് യാത്രക്കാര്‍ക്ക് സമ്മാനിച്ചത് ജീവിതത്തിലെ കയ്പേറിയ യാത്രാ ആനുഭവമായിരുന്നെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ ആസാറാമും പത്തിലധികം അനുയായികളും സീറ്റ് ബുക്ക് ചെയ്തിരുന്നത്. സംഘം സമയത്ത് എത്താതിരുന്നത് കാരണം വിമാനം രണ്ട് മണിക്കൂറോളം വൈകി. പ്രത്യേകിച്ച് അറിയിപ്പൊന്നും നല്‍കാതെ വിമാനക്കമ്പനി ബോര്‍ഡിങ് വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ ആസാറാമും അനുയായികളും എത്തിച്ചേര്‍ന്നതിന് ശേഷമാണ് മറ്റ് യാത്രക്കാരെയും വിമാനത്തില്‍ കയറാന്‍ അനുവദിച്ചത്. വിമാനത്തില്‍ കയറിയ ശേഷവും മറ്റ് യാത്രക്കാര്‍ക്ക് ആസാറാമിന്റെ അനുയായികള്‍ സ്വൈര്യം നല്‍കിയില്ല. അനുയായികള്‍ വിമാനത്തിലുടനീളം തലങ്ങും വിലങ്ങും പാഞ്ഞ് ആസാറാം ബാപ്പു കീ ജയ് വിളിച്ചു. വിമാനം ലാന്റ് ചെയ്യുന്നത് വരെയും ഇങ്ങനെതന്നെ തുടര്‍ന്നു.സീറ്റ് ബെല്‍റ്റിടാന്‍ പോയിട്ട് സീറ്റിലിരിക്കാനുള്ള നിര്‍ദ്ദേശം പോലും ചെവിക്കൊണ്ടില്ല. ദൈവം തന്നെ ഒപ്പം യാത്ര ചെയ്യുമ്പോള്‍ പിന്നെ സീറ്റ് ബെല്‍റ്റിന്റെ ആവശ്യമെന്താണെന്നായിരുന്നു ഒരാള്‍ തിരക്കിനിടയില്‍ എയര്‍ ഹോസ്റ്റസിനോട് ചോദിച്ചത്. ദില്ലിയിലെത്തിയപ്പോഴും അനുയായികള്‍ മറ്റ് യാത്രക്കാരെ നന്നായി ബുദ്ധിമുട്ടിച്ചു. വലിയ പ്രശ്നമുണ്ടാക്കിയ ചിലരെ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചെങ്കിലും കേസെടുക്കാതെഉടന്‍ തന്നെ വിട്ടയക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY