തൃശൂർ പൂരത്തിന്‍റെ കാര്യത്തിൽ തുട‍ർന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാൻ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും.

177

തിരുവനന്തപുരം: വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സർക്കാർ നിലപാട് ദേവസ്വം മന്ത്രി ചർച്ചയിൽ ആവർത്തിക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന അറിയിച്ചിരുന്നു.

തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ലെന്നാണ് ഉടമകളുടെ നിലപാട്. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനകളെ പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി.

ഉത്സവം നാടിന്‍റെ ആഘോഷമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞു. ഈ തീരുമാനം ഇന്നത്തെ ചർച്ചയിൽ വിഷയമായേക്കും. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്ക് ചർച്ചയിലെ പ്രധാന വിഷയമാക്കണമെന്ന തീരുമാനത്തിലാണ് ആന ഉടമകൾ.

NO COMMENTS