പത്തനംതിട്ട: പുതിയ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിലവില്‍ വരുന്നതോടെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം നടപ്പാകും. ബോര്‍ഡ് നിയമനകാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ തയാറാക്കിയ പ്രത്യേക ചട്ടങ്ങളില്‍ സംവരണം വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. പി.എസ്.സി. നിയമനങ്ങളില്‍ പാലിക്കുന്ന സംവരണത്തിനു സമാനമായി 68 ശതമാനം പൊതുവിഭാഗത്തിലും 32 ശതമാനം പിന്നാക്ക സംവരണവുമായാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പി.എസ്.സി. നിയമനങ്ങളില്‍ പിന്നാക്ക ഹിന്ദുക്കള്‍ക്കു പുറമെ മുസ്ലിം, ലത്തീന്‍ കത്തോലിക്ക തുടങ്ങി ഇതര സമുദായങ്ങള്‍ക്ക് 17 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ അവര്‍ക്കു നിയമനമില്ലാത്തതിനാല്‍ ആ 17 ശതമാനം കൂടി പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സംവരണ വ്യവസ്ഥ തയാറാക്കിയിട്ടുള്ളത്.ഇതുവരെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം ഉണ്ടായിരുന്നില്ല. പുതിയ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വരുന്നതോടെ ഇതിനു മാറ്റം വരുമെന്നത് പിന്നാക്ക ഹിന്ദുക്കള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്.
തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍, കൂടല്‍മാണിക്യം എന്നീ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും നിയമനം നടത്തുക ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡായിരിക്കും. ദേവസ്വം നിയമനം പി.എസ്.സിക്കു വിടുമെന്ന് പിണറായി സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി. 2013-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച ആറംഗ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചുവിട്ട് പകരം മൂന്നംഗ ബോര്‍ഡിനെയാകും നിയമിക്കുക. ഇതില്‍ ജനറല്‍, വനിത, പിന്നാക്ക സമുദായ അംഗം എന്നിങ്ങനെ സംവരണം ചെയ്യുമെന്നാണ് അറിയുന്നത്.
റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ ഇങ്ങനെ സംവരണം നടപ്പാക്കുന്നത് ബോര്‍ഡിന്‍റെ സ്വതന്ത്ര്യവും നിഷ്പക്ഷതയും ചോദ്യം ചെയ്യുന്ന നടപടിയാണെന്ന വിമര്‍ശം ഉയരുന്നു. പി.എസ്.സി, ബാങ്ക്, റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്ന ഒരു ബോര്‍ഡിലും അംഗങ്ങളുടെ നിയമനത്തില്‍ സംവരണം നടപ്പാക്കിയിട്ടില്ല. റിക്രൂട്ട്മെന്‍റ് ബോര്‍ഡിലെ അംഗങ്ങളുടെ കാര്യത്തില്‍ സംവരണം കൊണ്ടുവരുന്ന നടപടി അനുചിതമാണെന്ന് ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്നതിനെ സംബന്ധിച്ച് എന്‍.എസ്.എസ്. നിലപാട് നിര്‍ണായകമാണ്. ശാന്തി തസ്തികയില്‍ സംവരണം ഉണ്ടാകില്ലെന്നാണു സൂചന. എന്നാല്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു പൂജാവിധികള്‍ പഠിച്ചിട്ടുള്ള ഹിന്ദുക്കള്‍ക്ക് ഈ തസ്തികയില്‍ അപേക്ഷിക്കാന്‍ സാധിക്കും. കൃത്യമായ പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. അബ്രാഹ്മണരെ ശാന്തി തസ്തികയില്‍ നിയമിക്കുന്നത് സംബന്ധിച്ച് യോഗക്ഷേമസഭ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.