തിരുവനന്തപുരം: ആരാധാന മൂര്‍ത്തിയോട് അടങ്ങാത്ത ഭക്തികയറിയാല്‍ പിന്നെ എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം ഭക്തന്‍ ചെയ്യും. ആ ഭക്തനൊരു ഗാനരചിയതാവും പൊലീസുകാരനുമായാലോ? പിന്നെ തടസങ്ങളെല്ലാം ആ ഭക്തിയുടെ മുന്നില്‍ നിഷ്ഫലമാവും. ആറ്റുകാലമ്മയോടുള്ള ഭക്തി മൂത്ത് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍ ജെകെയാണ് ഗാനരചന നടത്തിയത്.
അമ്മയൊരു ബാലികാ രൂപമായി ദര്‍ശനം, തിരുസന്ധ്യാ നേരമാം ആറിന്‍ കുളിര്‍മ്മയില്‍ ‘ എന്ന് തുടങ്ങുന്ന ആറ്റുകാല്‍ അമ്മയെക്കുറിച്ചുള്ള രൂപസൗകുമാര്യമുള്ള വരികളാണ് ദിനില്‍ രചിച്ചത്. ഈ ഗാനം ആലപിക്കാനെത്തിയതാകട്ടെ പ്രശസ്ത പിന്നണി ഗായിക സുജാത മോഹനനും. മോനി കൃഷ്ണ സംഗീത സംവിധാനത്തിന് എത്തിയതോടെ ആറ്റുകാല്‍ അമ്മയെക്കുറിച്ചുള്ള ഭക്തിഗാനം യാഥാര്‍ഥ്യമാവുകയും ചെയ്തു. ഇതോടെ ഗാനം ഹിറ്റായി.
സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും മികച്ച റേറ്റിംഗാണ് ഈ ഭക്തി ഗാനത്തിന്.
ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ട് ദിവസം മുമ്ബാണ് ദിനില്‍ ചുമതലയൊഴിഞ്ഞത്. അതിന് മുമ്‌ബേ തന്നെ ആറ്റുകാലമ്മയ്ക്ക് തന്റെ നേര്‍ച്ച സമര്‍പ്പിക്കുകയായിരുന്നു ദിനില്‍. ഒരു പതിറ്റാണ്ട് കാലത്തെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി മനസിന് നല്‍കിയ അനുഭൂതികളാണ് പന്ത്രണ്ടു വരികളായി ദിനില്‍ മനസ്സില്‍ എഴുതി പൂര്‍ത്തിയാക്കിയത്. അത് കടലാസിലേക്ക് പകര്‍ത്തിയിപ്പോള്‍ ഗാനരൂപം ആയാല്‍ നന്നായിരിക്കും എന്ന് ദിനിലിന് തോന്നി.
ആറ്റുകാല്‍ അമ്മയുടെ ചരിത്രം സൂചിപ്പിക്കുന്ന മൂന്ന് ഭാഗങ്ങള്‍ ആണ് ഗാനചനയിലെ 12 വരികളില്‍ ഉള്‍പ്പെടുത്തിയത്. ആറ്റുകാല്‍ പരിസരത്ത് തന്നെയാണ് എന്റെ വീടും. അതുകൊണ്ട് ആറ്റുകാല്‍ ‘അമ്മ ഒരു സങ്കല്പമായി മനസിലുണ്ട്. അപ്പോഴാണ് ആറ്റുകാല്‍ പൊങ്കാല സമയത്തുള്ള ഡ്യൂട്ടിയും. വല്ലാത്ത അനുഭൂതികള്‍ ആണ് പൊങ്കാല മനസ്സില്‍ ഉയര്‍ത്തുന്നതെന്ന് ദിനില്‍ പറയുന്നു.
റിപ്പോർട്ടർ ഐശ്വര്യ അനില്‍