പെപ്സി ധോണിയുമായുള്ള 11 വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ചു

232

ന്യൂഡല്‍ഹി • ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുമായി 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച്‌ പെപ്സി, വിരാട് കോഹ്ലിയുമായി കരാറിലെത്തി. കളിക്കളത്തില്‍ ധോണിയുടെ കാലം അവസാനിക്കുന്നുവെന്ന വിലയിരുത്തലും സൂപ്പര്‍താരമായി ഉയരുന്ന കോഹ്ലിയുടെ നാളുകളാണ് ഇനിയെന്ന തിരിച്ചറിവുമാണ് ധോണിയുമായി ഒരു പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ പെപ്സികോയെ പ്രേരിപ്പിച്ചത്.
കോഹ്ലിയ്ക്കു പുറമെ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും പരിനീതി ചോപ്രയും പെപ്സിയുടെ പുതിയ പരസ്യമുഖമാകും. സെവന്‍ അപ്, മൗണ്ടന്‍ ഡ്യൂ, കുര്‍ക്കുറെ സ്നാക്സ്, ലെയ്സ് ചിപ്പ്സ് തുടങ്ങിയവയുടെ പരസ്യത്തിലും ഈ പുതിയ താരനിരയാകും ഇനിയെത്തുക.

2005 ലാണ് മഹേന്ദ്രസിങ് ധോണി പെപ്സി കോളയുടെ ബ്രാന്‍ഡ് അംബാസഡറായത്. ചെയ്ഞ്ച് ദ ഗെയിം എന്ന ക്യാപ്ഷനോടെ എത്തിയ പരസ്യം പെട്ടെന്നുതന്നെ വലിയ തരംഗമായി മാറി. 2014ല്‍ 18 മേജര്‍ ബ്രാന്‍ഡുകള്‍ ധോണിയുമായി കരാറിലേര്‍പ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ഇത് പത്തായി കുറഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷത്തെ കരാറിന് ധോണി ആവശ്യപ്പെടുന്ന എട്ടുകോടി രൂപ അധികമാണെന്ന നിലപാടിലാണ് പ്രമുഖ കമ്ബനികള്‍. പെപ്സിക്ക് പുറമെ സോണി ടിവിയും ഡാബറും ധോണിയുമായി കരാര്‍ പുതുക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഈ വര്‍ഷം ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 27 മില്യണ്‍ ഡോളറാണ് ധോണിയുടെ പരസ്യ വരുമാനം. അതേസമയം, പെപ്സികോയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച്‌ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY