പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റ് യാഥാര്‍ത്ഥ്യത്തിലേക്ക്

18

തിരുവനന്തപുരം; പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പുത്തന്‍തോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഡയാലിസിസിന് വേണ്ട ആധുനികയന്ത്രങ്ങള്‍ എത്തിക്കും.

ഇതിനുപുറമെ വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയാണ് പുത്തന്‍തോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്ര ത്തിനായി ബ്ലോക്ക് വകയിരുത്തിയിരിക്കുന്നത്. 37 ലക്ഷം രൂപ ചെലവഴിച്ചുള്ള ലാബ് നവീകരണവും ആശുപത്രിയില്‍ നടന്നുവരുന്നു. രോഗികള്‍ക്കായി ആധുനിക പരിശോധനാ സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇവിടുത്തെ ലാബില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും ലാബ് ടെക്നിഷ്യന്മാരുടെയും സേവനവും ആശുപത്രിയില്‍ ലഭ്യമാണ്.

ക്ഷയരോഗ പരിശോധനയ്ക്കായി ട്രൂ നാറ്റ് മെഷീനുകളും ആരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍, വക്കം ,അഞ്ചുതെങ്ങ് , അണ്ടൂര്‍ ക്കോണം ,പാങ്ങപ്പാറ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ ഇവിടെയെത്തിച്ചാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍ പ്പെടുത്തി ആരംഭിച്ച ഫിസിയോ തെറാപ്പി സെന്റര്‍ രോഗികള്‍ക്ക് വലിയ തോതില്‍ ആശ്വാസമായി തീര്‍ന്നിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് എല്ലാ പരിശോധനകളും ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങളും ആരോഗ്യ കേന്ദ്രത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക്ഗുണകരമാകുന്ന കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാകുമെന്നും പ്രസിഡന്റ് അറിയിച്ചു.

NO COMMENTS