കാസറഗോഡ് : മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചു. മംഗല്‍പ്പാടിയില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപ്രതി പരിധിയിലെ മംഗല്‍പ്പാടി, മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, പുത്തിഗെ, പൈവളികെ, കുമ്പള, എണ്‍മകജെ എന്നീ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സേവനം പ്രയോജനപ്പെടുത്താമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു.
മഞ്ചേശ്വരത്തെ വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക എന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ അര്‍ഹരായ 90 പേര്‍ക്ക് വിവിധ ഷിഫ്റ്റുകളിലായി ഡയാലിസിസ് നടത്തും. ഈ മാസം 26 വരെ ആവശ്യക്കാര്‍ക്ക് 9895216298, 9447657840 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് ബന്ധപ്പെടേണ്ടത്. രോഗിയുടെ പേര്, വിലാസം, വയസ്്, ആധാര്‍ നമ്പര്‍, പഞ്ചായത്ത്, നിലവില്‍ ഡയാലിസിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, എപിഎല്‍/ ബിപിഎല്‍, കുടുംബത്തിന്റെ വാര്‍ഷിക വരുമാനം, നിലവില്‍ എന്തെങ്കിലും ധനസഹായം ലഭിക്കുന്നെണ്ടിങ്കില്‍ ആയത് സംബന്ധിച്ച വിവരം തുടങ്ങിയവ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നല്‍കണം.
അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ഡയാലിസിസ് കെട്ടിടം പൂര്‍ത്തിയാക്കുകയും അതിനാവശ്യമായ വൈദ്യുതി, ജലം എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുകയും ചെയ്തിരുന്നു. കൂടാതെ ഡയാലിസിസിനാവശ്യമായ ആര്‍ ഓ പ്ലാന്റിനായി എം സി ഖമറുദീന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു.