ഷൊര്‍ണൂര്‍: തൃശ്ശൂര്‍ പേരാമംഗലം പെരിങ്ങന്നൂര്‍ വിളക്കത്ര മോഹനന്‍ നായര്‍ (57) തീവണ്ടി യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നേത്രാവതി എക്സ്‌പ്രസ്സില്‍ തൃശ്ശൂരില്‍നിന്ന് പുണെക്കുള്ള യാത്രയ്ക്കിടെ ഷൊര്‍ണൂരില്‍ എത്തിയപ്പോളാണ് കുഴഞ്ഞുവീണത്. സഹയാത്രികരിലൊരാളുടെ മടിയിലേക്ക് വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഉടന്‍ തീവണ്ടിയില്‍നിന്ന് പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വാഹനം ലഭിക്കാത്തതിനാല്‍ അരമണിക്കൂറിലധികം പ്ലാറ്റ്‌ഫോമില്‍ കിടന്നു.
ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍, പിന്നീട് റെയില്‍വേ ഡോക്ടര്‍ പ്ലാറ്റ്‌ഫോമിലെത്തി പരിശോധിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. റെയില്‍വേസ്റ്റേഷനില്‍ ആംബുലന്‍സില്ലാത്തതാണ് രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിന് തടസ്സമായത്.പിന്നീട്, ശ്മശാനം നടത്തിപ്പുകാരുടെ ആംബുലന്‍സ് എത്തിച്ച് റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു.
റെയില്‍വേ സുരക്ഷാസേനയും റെയില്‍വേ പോലീസും സ്ഥലത്തെത്തിയാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 13 വര്‍ഷമായി പുണെയില്‍ വര്‍ക്‌ഷോപ്പ് ജോലി ചെയ്യുന്നയാളാണ് മോഹനന്‍ നായര്‍. ഓണാവധിക്ക് നാട്ടിലെത്തി തിരിച്ചുപോവുകയായിരുന്നു മോഹനന്‍ നായരും ഭാര്യ ബിന്ദുവും.