ഡിജിറ്റൽ സാക്ഷരതാ വാരാഘോഷത്തിനു തുടക്കമായി

55

കേരളം കൈവരിക്കുന്ന അടുത്ത മുന്നേറ്റമായി ഡിജിറ്റൽ സാക്ഷരത അടയാളപ്പെടുത്തപ്പെടുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര ഡിജിറ്റൽ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച ഡിജിറ്റൽ സാക്ഷരതാ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതൽ സാക്ഷരത നേടിയവരാണ് മലയാളികൾ. അവരെ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കുകയെന്ന ഉദ്യമത്തിലേക്കു കൂടി നമ്മൾ കടക്കുകയാണ്. ജനന മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകൾ കയ്യിലെ മൊബൈൽ ഫോൺ ഉപയോഗിച്ച് എടുക്കാൻ സംവിധാനമുണ്ടായിരിക്കെ ഇന്നും പലരും പഞ്ചായത്തിലും കോർപ്പറേഷനിലും കയറിയിറങ്ങുകയാണ്. എല്ലാ സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി എടുക്കാൻ ജനങ്ങളെ പര്യാപ്തരാക്കേണ്ടതുണ്ട്. എന്നാൽ അഭ്യസ്തവിദ്യർ പോലും ഡിജിറ്റൽ പേയ്‌മെന്റ് ഉൾപ്പെടെയുള്ളവയിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യവും നമ്മുടെ നാട്ടിലുണ്ട്. ചെറുപ്പക്കാരിലൂടെയും വിദ്യാർത്ഥികളിലൂടെയും ഡിജിറ്റൽ സാങ്കേതികതയുടെ സൗകര്യം വീടുകളിലെത്തിച്ച് മുതിർന്നവരെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടുവരാനാകണമെന്നും എം.എൽ.എ പറഞ്ഞു.

തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ‘ ഡിജി കേരളം” എന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതി നായി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഡിജി കേരളം’. ഡിജിറ്റൽ സാക്ഷരതാ യജ്ഞം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ സന്നദ്ധ പ്രവർത്തനത്തിലൂടെ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്.

സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാക്ഷരതാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എസ്.സി. / എസ്.റ്റി. പ്രൊമോട്ടർമാർ, സന്നദ്ധ സേനാംഗങ്ങൾ, എൻ.എസ്.എസ്. വോളണ്ടിയർമാർ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ.സി.സി., സ്‌കൗട്ട് & ഗൈഡ്സ്, നെഹ്റു യുവ കേന്ദ്ര പ്രവർത്തകർ തുടങ്ങിയവരെയും വിവിധ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയുമൊക്കെ ഏകോപിപ്പിച്ച് കൊണ്ടായിരിക്കും ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം നടത്തുന്നത്. വോളണ്ടിയർമാരെ കണ്ടെത്തുന്നതിനായി വോളണ്ടിയർ രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. https://digikeralam.lsgkerala.gov.in/ എന്ന ലിങ്കിൽ കയറി വോളണ്ടിയർ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

ഉദ്ഘാടന പരിപാടിയിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നുള്ള വിദ്യാർഥികൾ ഡിജി വോളണ്ടിയർമാരായി രജി സ്‌ട്രേഷൻ നടത്തി. ഒരാഴ്ച്ച കൊണ്ട് മുഴുവൻ വിദ്യാർത്ഥികളെയും ഡിജി വോളണ്ടിയർമാരായി രജിസ്‌ട്രേഷൻ നടത്തി യൂണി വേഴ്‌സിറ്റി കോളേജിനെ ‘ഡിജി കേരളം’ പദ്ധതിയുടെ ഡിജി പാർട്ട്ണർ ആയി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ ഏത് വിദ്യാഭാസ സ്ഥാപനത്തെയും ഡിജി പാർട്ട്‌നർ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മുൻകൂർ അനുമതിയോടെ ഏറ്റെടുക്കാവുന്നതാണ്.

സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ഡിജിറ്റൽ സാക്ഷരതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷണൽ ഡയറക്ടർ ബി.കെ. ബലരാജാ അധ്യക്ഷത വഹിച്ചു. കില സി എച്ച് ആർ.ഡി. കൊട്ടാരക്കര ഡയറക്ടർ സുധ, ജോസ്‌നാമോൾ, ത്രേസ്യാമ്മ ആന്റണി, സജ്‌ന സത്താർ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY