നവമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം ഉത്ക്കണ്ഠാജനകമെന്ന് വിദഗ്ധ സെമിനാര്‍

288

കൊച്ചി: നവമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള സര്‍ക്കാര്‍ തലത്തിലെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്ന് കൊച്ചി മീഡിയ അക്കാദമിയില്‍ നടന്ന സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിരുത്തരവാദപരമായി നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയും സമാനമായ രീതിയില്‍ തന്നെ എതിര്‍ക്കേണ്ടതുണ്ടെന്നും സെമിനാര്‍ വിലയിരുത്തി.’ജനാധിപത്യപരമായ വിയോജിപ്പ്, ഡിജിറ്റല്‍ യുഗത്തില്‍’ എന്ന വിഷയത്തില്‍ ബി എം ആനന്ദ് ഫൗണ്ടേഷന്‍ കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടത്തിയ സെമിനാറില്‍ സാമൂഹ്യമാധ്യമ രംഗത്തെയും മാധ്യമരംഗത്തയും പ്രമുഖര്‍ പങ്കെടുത്തു. ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഡിജിറ്റല്‍ യുഗത്തില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനും മുന്‍ ലോകസഭാംഗവുമായ ഡോ സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി. നവമാധ്യമങ്ങളാകട്ടെ തുറന്ന സമീപനത്തിന് സാഹചര്യമൊരുക്കുന്നുമില്ല. അഭിപ്രായം പറയാനുള്ള വേദിയില്‍ അശ്ലീലം പറയാനാണ് പലര്‍ക്കും താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഏകനായി അഭിപ്രായം പറയാനുള്ള സാഹചര്യവുമില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഡിജിറ്റല്‍ മാധ്യമത്തിന്റെ ദുരുപയോഗമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു പത്രം സീനിയര്‍ അസോസിയേറ്റ് എഡിറ്ററുമായ സി ഗൗരിദാസന്‍ നായരാണ് ചര്‍ച്ച മോഡറേറ്റ് ചെയ്തത്.വിയോജിപ്പിനുള്ള സാധ്യതയെ ഇല്ലാതാക്കാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് പ്രമുഖ സാമൂഹ്യ മാധ്യമ വിദഗ്ധന്‍ വി കെ ആദര്‍ശ് പറഞ്ഞു. ഹരിയാനയിലെ 15 ജില്ലകളില്‍ ജാട്ട് പ്രക്ഷോഭത്തിനിടെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്‍ സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ മുറുകിയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പങ്കാളിത്തത്തിന് സാമൂഹ്യമാധ്യമങ്ങളുടെ സാന്നിദ്ധ്യം ഏറെ ഗുണംചെയ്യുമെന്ന ഫ്‌ളവേഴ്‌സ് ടിവി എഡിറ്റര്‍ പിപി ജെയിംസ് പറഞ്ഞു. അണ്ണ ഹസാരെയുടെ പ്രക്ഷോഭം, കിസ് ഓഫ് ലൗ എന്നിവ സാമൂഹ്യമാധ്യമങ്ങളുടെ ശക്തിയെ കാണിക്കുന്നു. ഫാക്‌സ് മെഷീനുകളായിരുന്നു ടിയാനന്‍മെന്‍ ചത്വര പ്രക്ഷോഭത്തിന്റെ ചാലക ശക്തി. അതു പോയെയായിരുന്നു അറബ് വിപ്ലവത്തിന്റെയും അന്ന ഹസാരെയുടെ പ്രക്ഷോഭത്തിന്റെയും പിന്നില്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖ്യധാരാമാധ്യമങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി എം ആനന്ദിന്റെ മകളും ഫൗണ്ടേഷന്‍ സഹസ്ഥാപകയുമായ കീര്‍ത്തി ആനന്ദും ചര്‍ച്ചയില്‍ പങ്കെടുത്തു. സര്‍ഗ്ഗാത്മകതയ്ക്കായി ബി എം ആനന്ദ് പുരസ്‌കാര പ്രഖ്യാപനവും കീര്‍ത്തി ആനന്ദ് നടത്തി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. ദൃശ്യകല, ഗ്രാഫിക്‌സ്, സിനിമ, സംഗീതം എന്നിവയിലാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കീര്‍ത്തി ആനന്ദ് പറഞ്ഞു. 35 വയസില്‍ താഴെയുള്ള ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍ക്കും സ്വയം പഠിച്ചവര്‍ക്കും പുരസ്‌കാരത്തിന് അപേക്ഷിക്കാം.ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ഡയറക്ടര്‍ നമിത ഗോഖലെ, നീംറാണ ഹോട്ടലിന്റെ ചെയര്‍മാന്‍ അമന്‍നാഥ്, അവിഡ് ലേണിംഗിന്റെ സിഇഒ അസാദ് ലാല്‍ജി്, മുംബൈ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്മൃതി കിരണ്‍ എന്നിവരാണ് പുരസ്‌കാര ജൂറി. കൊച്ചി ബിനാ ലെയ്ക്ക് സമാന്തരമായി നടക്കുന്ന ബി എം ആനന്ദിന്റെ ചിത്ര പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ ശ്രുതി ഐസകും ഫൗണ്ടേഷനിലെ അദിതി ആനന്ദും ചടങ്ങില്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY