എസ്‌വി.കോയുടെ ക്ലൗഡ് പാര്‍ട്ട്ണറായി ഡിജിറ്റല്‍ഓഷ്യന്‍

200

കൊച്ചി: ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന ക്ലൗഡ് പ്ലാറ്റ്‌ഫോം ദാതാക്കളാകുന്നതിന് അമേരിക്കന്‍ കമ്പനി ഡിജിറ്റല്‍ഓഷ്യനുമായി വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ലോകത്തെ ആദ്യ ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററായ എസ്‌വി.കോ ധാരണാപത്രം ഒപ്പുവച്ചു.
സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും വ്യവസായങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലെ പ്രയാസങ്ങള്‍ ലളിതമാക്കാനുള്ള ക്ലൗഡ് പ്ലാറ്റ്‌ഫോമാണ് ഡിജിറ്റല്‍ഓഷ്യന്‍. നെറ്റ്ക്രാഫ്റ്റ്.കോമിന്റെ കണക്കനുസരിച്ച് പൊതുഉപയോഗത്തിലുള്ള ആപ്ലിക്കേഷനുകളുടെയും വെബ്‌സൈറ്റുകളുടെയും എണ്ണത്തില്‍ രണ്ടാത്തേതും, ഏറ്റവും വേഗം വളരുന്നതുമായ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാണ് ഡിജിറ്റല്‍ഓഷ്യന്‍.

ബാംഗ്ലൂരില്‍ ഒപ്പുവച്ച ധാരണാപത്രപ്രകാരം എസ്‌വി.കോയുടെ സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (എംഒഒസി) പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്ലൗഡ് ക്രെഡിറ്റുകള്‍ ലഭിക്കും. സിലിക്കണ്‍വാലി പ്രോഗ്രാമിന് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് അധികം ക്രെഡിറ്റ് നേടാനാകും. ഫസ്റ്റ് ഇയര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായുള്ള ഒരുമാസത്തെ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സായ സിക്‌സ് വേയ്‌സ് ടു ഗ്രാജുവേറ്റ് (www.sv.co/sixways) സംരംഭകത്വത്തിലെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള സിലിക്കണ്‍ വാലി പ്രോഗ്രാമാണ് എസ്‌വി.കോയുടെ പതാകവാഹകപദ്ധതിയായ സ്റ്റാര്‍ട്ട്ഇന്‍കോളജിലെ (#StartInCollege) പ്രധാന കോഴ്‌സ്.

പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്‌നോളജി കമ്പനികള്‍ തുടങ്ങാന്‍ ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളാണ് ഏറ്റവും നിര്‍ണായകമായ ഘടകങ്ങളിലൊന്നെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ഓഷ്യനുമായുള്ള പങ്കാളിത്തത്തിലൂടെ ലോകനിലവാരത്തിലുള്ള സാങ്കേതികവിദ്യയും പിന്തുണയും ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്തിക്കാന്‍ സാധിക്കും. ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ച്ചറിലെ പ്രമുഖ കമ്പനിയുടെ വൈദഗ്ധ്യവും വിഭവങ്ങളും കോളജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

ഡവലപ്പര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഡിജിറ്റല്‍ഓഷ്യന് ഏറെ ശ്രദ്ധയുണ്ടെന്നും ഇത്തരം ഇക്കോസിസ്റ്റങ്ങളുടെ അവിഭാജ്യഘടകമാണ് സ്റ്റാര്‍ട്ടപ്പുകളും വിദ്യാര്‍ഥികളുമെന്നും ഡിജിറ്റല്‍ഓഷ്യന്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ പ്രഭാകര്‍ ജയകുമാര്‍ പറഞ്ഞു. ഇത്തരം പദ്ധതികളിലൂടെ വിദ്യാര്‍ഥി സംരംഭകരെ പിന്തുണയ്ക്കുകയും അടുത്ത തലമുറ വ്യവസായങ്ങള്‍ ക്ലൗഡില്‍ നിര്‍മിക്കുന്നതിന് അവരെ സഹായിക്കുകയും ചെയ്യും.

ഈ പങ്കാളിത്തത്തിലൂടെ എസ്‌വി.കോയുടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനസഹായവും സ്‌കോളര്‍ഷിപ്പും നല്‍കുന്ന ഫെയ്‌സ്ബുക്, പെയ്റ്റിഎം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് ഡിജിറ്റല്‍ഓഷ്യന്‍. സമൂഹത്തെ തിരികെ സഹായിക്കാന്‍ ഉതകുന്ന തരത്തില്‍ സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറിലേക്കു ശ്രദ്ധ കൊണ്ടുവരികയാണ് ഈ നീക്കം.

ടെക്സ്റ്റാര്‍ ആക്‌സലറേറ്റര്‍ പ്രോഗ്രാമിലൂടെ തുടക്കംകുറിച്ച ഡിജിറ്റല്‍ഓഷ്യന്റെ സ്ഥാപകര്‍ ചെറുപ്പക്കാരുടെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും തിരിച്ചുനല്‍കുകയാണെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.
എസ്‌വി.കോ ഫേയ്‌സ്ബുക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. ഫേയ്‌സ്ബുക്കാണ് സിലിക്കണ്‍ വാലിയില്‍ എസ്‌വി.കോയുടെ ഔദ്യോഗിക ആതിഥേയര്‍. പ്രമുഖ എം-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പെറ്റിഎം സ്റ്റാര്‍ട്ട്ഇന്‍കോളജ് പദ്ധതിക്കായി 30 ഫുള്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. കോ ഡൊമൈന്‍സാണ് എസ്‌വി.കോയുടെ ഡൊമൈന്‍ പാര്‍ട്ട്ണര്‍.

ആറുമാസത്തില്‍ തങ്ങളുടെ ബിസിനസ് ആശയം വളര്‍ത്താനും പ്രൊട്ടോടൈപ്പ് നിര്‍മ്മിക്കാനും ആദ്യകാല ഉപയോക്താക്കള്‍ക്കുമുന്നില്‍ എത്തിക്കാനും എന്‍ജിനീയറിംഗ് ടീമുകള്‍ക്ക് അവസരം നല്‍കുന്ന സ്റ്റാര്‍ട്ട്ഇന്‍കോളജ് യുവാക്കള്‍ക്കിടയില്‍ സംരംഭക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയാണ്. സിലിക്കണ്‍ വാലിയില്‍ സമയം ചെലവിടാനും ലോകനിലവാരത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം അനുഭവിച്ചറിയാനും ഫേയ്‌സബുക്ക് പോലെയുള്ള സ്ഥാപനങ്ങളിലെ ഡവലപ്പര്‍ ടീമുകളുമായി ഇടപഴകാനും അവസരം നല്‍കുന്നതാണ് പദ്ധതിയുടെ അവസാനഘട്ടം. ജൂലൈയില്‍ ആരംഭിച്ച പദ്ധതി ഘട്ടംഘട്ടമായി 3500 എന്‍ജിനീയറിംഗ് കോളെജുകളിലെ 50 ലക്ഷം വിദ്യാര്‍ഥികളിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 31ന് അപേക്ഷാ കാലവധി അവസാനിച്ച ആദ്യഘട്ടത്തില്‍ 24 സംസ്ഥാനങ്ങളില്‍നിന്ന് 228 സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള 1443 കോളജുകളിലെ 1946 ടീമുകളിലൂടെ ഏഴായിരത്തിലേറെ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. ഡല്‍ഹിയില്‍ സെപ്റ്റംബര്ഡ 15ന് തുടക്കമിട്ട രണ്ടാംഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച 30 എന്‍ജിനീയറിംഗ് കോളജുകള്‍ക്കാണ് ശ്രദ്ധ നില്‍കിയിരിക്കുന്നത്.

ആദ്യഘട്ടത്തിലെ കോഴ്‌സ് 2017 ജനുവരി രണ്ടിനു തുടങ്ങും. ജൂലൈ 2017 ബാച്ചിനുള്ള അപേക്ഷകള്‍ക്കുള്ള സമയം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ടീം രൂപീകരിച്ചശേഷം www.sv.co എന്ന വിലാസത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

NO COMMENTS

LEAVE A REPLY