കൊച്ചി : നടിയെ ആക്രമിച്ച കേസ്സിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന ഹൈക്കോടതി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടയിലാണ് ഹൈക്കോടതി ഇത്തരത്തിലോരു ചോദ്യം ദിലീപിനോട് ചോദിച്ചത്. അങ്കമാലി കോടതിയില്‍ വച്ച് നിങ്ങള്‍ ദൃശ്യങ്ങള്‍ മുന്‍പ് കണ്ടതാണല്ലോ എന്നും പിന്നെയും എന്തിനാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു.
ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കേസിലെ മുഖ്യതെളിവാണ്. അങ്കമാലി കോടതിയില്‍ വച്ച് കണ്ടപ്പോള്‍ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം വ്യക്തമായിരുന്നു. എന്നാല്‍ പോലീസ് ഇതേക്കുറിച്ച് അന്വേഷണം ഒന്നും നടത്തിയില്ല. കേസിലെ ചില വസ്തുതകള്‍ പോലീസ് മറിച്ചുവയ്ക്കുകയാണെന്നും അതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് കിട്ടേണ്ടത് അത്യാവശ്യമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയയില്‍ വ്യക്തമാക്കി.