കൊച്ചി: ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റേതടക്കമുള്ള സിനിമാരംഗത്തെ സാമ്ബത്തിക ഇടപാടുകളിലേക്കും. പോലീസ് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി.
ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്ബത്തിക സ്രോതസ്സ് കണ്ടെത്തും. ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിക്കും. ദിലീപിന്റെ പങ്ക് മലയാള സിനിമാ നിര്‍മാണ രംഗത്തെ ബിനാമി കള്ളപ്പണ ഇടപാടുകളില്‍ വ്യക്തമായ സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം. ദിലീപ് ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് ദിലീപിന്റെ കണക്കില്‍പെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. എന്നാല്‍, കേരള പോലീസ് ഇപ്പോള്‍ നേരിട്ട് അന്വേഷിക്കുന്നതു നടിയെ ഉപദ്രവിച്ച കേസ് മാത്രമാണെന്നും സാമ്ബത്തിക ഇടപാടു സംബന്ധിച്ചു ലഭ്യമാവുന്ന മറ്റു വിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറുമെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.