നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യമില്ല

360

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ ദിലീപിന്റെ ഓണം ജയിലില്‍ തന്നെയെന്ന് ഉറപ്പായി. ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദമാണ് ദിലീപിന് തിരിച്ചടിയായത്. സീല്‍ ചെയ്ത കവറില്‍ ഹാജരാക്കിയ തെളിവുകളില്‍ ചില സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് സൂചന. കേസിന്റെ മെറിറ്റിലേക്ക് പോവാതിരുന്ന കോടതി പ്രതിക്ക് ജാമ്യം നല്‍കുന്ന കാര്യം മാത്രമാണ് പരിഗണിച്ചത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബെല്‍ ഫോണ്‍ അടക്കം ഇനിയും ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഈ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി തന്റെ അഭിഭാഷകന് നല്‍കിയിരുന്നുവെന്നും അത് നശിപ്പിച്ചെന്നുമായിരുന്നു അഭിഭാഷകന്‍ തന്നെ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഈ മൊഴി ‘വിശ്വാസ’ത്തിലെടുക്കാതെ ഫോണ്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട് എന്ന് പൊലീസ് പറയുന്നത് ദിലീപിന് ഒരിക്കലും ജാമ്യം കിട്ടാതിരിക്കാന്‍ വേണ്ടിയാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന്റെ മുന്നില്‍ സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് പോം വഴി.

NO COMMENTS