ദിലീപ് വീണ്ടും വിതരണക്കാരുടെ സംഘടനയുടെ പ്രസിഡന്റ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടന്‍ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. ദിലീപിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിച്ചു മണിക്കൂറുകള്‍ക്കകം സംഘടനാ നേതൃത്വം യോഗം ചേര്‍ന്ന് വീണ്ടും ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചു. ആന്റണി പെരുമ്ബാവൂര്‍ വൈസ് പ്രസിഡന്റായി തുടരും. ഇതിനെ തുടര്‍ന്ന് സംഘടനയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. ഇതിനുശേഷം സംഘടനാ പ്രതിനിധികള്‍ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.