കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡിജിപി ലോക്നാഥ് ബെഹ്റയും, എഡിജിപി സന്ധ്യയും തന്നെ കുടുക്കിയെന്നും ദിലീപ് കത്തില്‍ പറയുന്നു. സംഭവത്തില്‍ വ്യാജ തെളിവുണ്ടാക്കി പൊലീസ് തന്നെ കുടുക്കുകയാണെന്നാണ് ദിലീപ് കത്തില്‍ ആരോപിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെക്കൊണ്ട് കേസ് പുനരന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. രണ്ടാഴ്ച മുന്‍പാണ് പന്ത്രണ്ട് പേജുകളടങ്ങിയ കത്ത് ദിലീപ് നല്‍കിയത്. തെറ്റ് ചെയ്തത് പള്‍സര്‍ സുനിയാണെന്നിരിക്കെ തന്നെ കുറ്റക്കാരനെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. ബെഹ്റയും സന്ധ്യയും ഗൂഢാലോചന നടത്തിയതിന് തന്റെ പക്കല്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്നും കേസില്‍ തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ശരിയായ അന്വേഷണം നടത്തിട്ടില്ലെന്നും കത്തില്‍ ദിലീപ് ആരോപിക്കുന്നു.കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി തൊട്ടു പിന്നാലെയാണ് ദിലീപ് ഇത്തരമൊരു നീക്കം നടത്തിയത്.