കൊച്ചി:നടൻ ദിലീപ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യുന്നത്
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രതികൾ രാവിലെ ഒൻപത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇന്ന് ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി. രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. അതായത്, മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ വ്യാഴാഴ്ച മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.
അതുവരെ പ്രതികളെ അറസ്റ്റുചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരിഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹാജരാകേണ്ടത്. പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. അങ്ങനെയുണ്ടായാൽ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിർദേശിച്ചു.
ദിലീപ് അടക്കമുളള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.