കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായും ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു.ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യുഎഇ പൗരന്റെ സംഭാഷണവുമുണ്ട്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഈ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തു.
ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയില്‍ സമര്‍പ്പിച്ചു.കേസിൽ ഇതുവരെ കണ്ടെത്തിയ മുഴുവൻ തെളിവുകളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ദിലീപിന്റെ അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരെ പ്രതി ചേർത്തിട്ടില്ലെങ്കിലും അവർ ഏത് രീതിയിലാണ് തെളിവ് നശിപ്പിക്കലിൽ പങ്കാളിയായതെന്ന് റിപ്പോർട്ടിലുണ്ട്. കേസ് സിബിഐക്ക് കൈമാറുന്ന സാഹചര്യമുണ്ടായാൽ കേസിലെ പൂർണ വിവരങ്ങൾ കോടതി മുമ്പാകെ എത്തുക എന്ന ലക്ഷ്യമാണ് ക്രൈം ബ്രാഞ്ചിനുള്ളത്.ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ചാറ്റുകള്‍ നീക്കിയത്. ഇയാള്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്. നശിപ്പിച്ച ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണ വുമുണ്ട്.ഇതിന് പുറമെ ദിലീപിന്റെ അളിയന്‍ സുരാജ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍ ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ തൃശ്ശൂര്‍ സ്വദേശി നസീര്‍ എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.