ന്യൂഡല്‍ഹി:ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍.കെ. അഡ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും സീറ്റ് നിഷേധിച്ചതോടെയാണ് ബിജെപിയുടെ തലപ്പത്ത് അടക്കിവാണിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാര്‍ട്ടിയില്‍ അതൃപ്തി ഉടലെടുത്തത്.
അഡ്വാനിയും നിലവിലെ നേതൃത്തിനെതിരെ വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ആദ്യം രാജ്യത്തിനാണ് തന്റെ പരിഗണനയെന്നും ഏറ്റവും ഒടുവിലാണ് സ്വന്തം കാര്യമെന്നും അഡ്വാനി തുറന്നടിച്ചിരുന്നു. ദേശവിരുദ്ധര്‍ എന്ന പ്രയോഗം തെറ്റാണെന്നും ബിജെപി തിരുത്താന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി ജോഷി നേരത്തെ പരസ്യമാക്കിയിരുന്നു.
ഇതോടെ ബിജെപി സ്ഥാപകനേതാക്കളുടെ ഭിന്നസ്വരം മുതലെടുക്കനുള്ള നീക്കമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജോഷിയെ വിമത സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോഷിയുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന.
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ മുരളി മനോഹര്‍ ജോഷിയെ ഇറക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. എന്നാല്‍ ഇതിനോട് ജോഷി അനുകൂലമായി പ്രതികരിച്ചിട്ടില്ല. 2009 മുതല്‍ 2014 വരെ വാരാണസിയിലെ എംപി ആയിരുന്നു ജോഷി. അതേസമയം വാരാണസിക്ക് പകരം മറ്റേതെങ്കിലും മണ്ഡലത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ജോഷി താത്പര്യം പ്രകടപ്പിച്ചതായും സൂചനകളുണ്ട്.
2014ല്‍ വാരാണസില്‍ സിംറ്റിംഗ് എംപിയായിരുന്ന ജോഷിയെ നീക്കിയാണ് മോദി ഇവിടെനിന്നും ലോക്സഭയിലേക്ക് മത്സരിച്ചത്. എന്നാല്‍ മോദി സര്‍ക്കാരില്‍ ജോഷിക്ക് ഒരു പ്രത്യേക പദവിയും നല്‍കിയിരുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പില്‍നിന്നു മാറ്റി നിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് ഭിന്നസ്വരം ഉടലെടുത്തത്.