കാക്കനാട്: ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ജില്ല ദുരന്ത നിവാരണ അതോരിറ്റി യോഗം ചേര്‍ന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ട ജോലികള്‍ രണ്ട് ദിവസത്തിനകം ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
33 ജോലികളായിരുന്നു രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സമയ പരിധി മൂലം മുന്‍ഗണന പട്ടികയിലുള്ള 22 ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. ഇവയില്‍ അഞ്ച് ജോലികള്‍ക്കുള്ള അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിലെ ജോലികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റിക്കിക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെല്ലാനം മേഖലയിലെ മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഡി.സി.പി.ജി പൂങ്കുഴലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.