ദുരന്തനിവാരണം പാഠ്യവിഷയമാക്കണം – മന്ത്രി കെ.ടി. ജലീൽ

134

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദുരന്തനിവാരണം പാഠ്യവിഷയമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. കേരളത്തിന്റെ ദുരന്ത പ്രതികരണ – പ്രതിരോധ തയാറെടുപ്പുകളെന്ന വിഷയത്തിൽ ‘അമേരിക്ക വിത്ത് കേരള’ എന്ന പേരിൽ തിരുവന്തപുരത്ത് അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നൈ യു. എസ്. കോൺസുലേറ്റ് ജനററും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ദുരന്തനിവാരണ വിഷയത്തിൽ ഡിപ്ലോമ കോഴ്സുകൾ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ സർവകലാശാലാതലത്തിൽ ഇത് പഠിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധത, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം, സാങ്കേതിക സൗകര്യങ്ങൾ ഇവ മൂന്നും ഒരുമിച്ചാൽ മാത്രമേ ദുരന്തനിവാരണം ഫലവത്തായി നടപ്പാക്കാനാകൂ. ഇതിനുള്ള ചർച്ചകളുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ദുരന്തനിവാരണത്തിൽ ശാസ്ത്രീയമായ പഠനം ആവശ്യമാണെന്ന് ചടങ്ങിൽ മുഖ്യതിഥിയായ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷത വഹിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, യു. എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ കോൺസൽ ഫോർ പബ്ലിക് ഡിപ്ലോമസി ലോറെൻ ലവ്ലെസ്, യു. എസ് ദുരന്തനിവാരണ വിദഗ്ദ്ധൻ ഡോ. ഹിമാൻഷു ഗ്രോവർ, സെന്റർ ഫോർ പബ്ലിക് പോളിസി ചെയർമാൻ ഡോ. ഡി. ധനുരാജ് തുടങ്ങിയർ വിഷയാവതരണം നടത്തി. നാല് മാസം നീണ്ടു നിൽക്കുന്ന കൈകോർക്കാം പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

NO COMMENTS