ശരിയായ ജീവിതശൈലിയിലിലൂടെ രോഗങ്ങളെ അകറ്റി നിര്‍ത്താം

497

കണ്ണൂർ : ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ സുമ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വര്‍ത്തമാനകാല സമൂഹത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് പക്ഷാഘാതമെന്നും ചിട്ടയായ ആരോഗ്യ ശൈലിയിലൂടെ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നമുക്ക് കഴിയണമെന്നും മേയര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല ചടങ്ങില്‍ അധ്യക്ഷയായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ലോകത്തില്‍ നാലിലൊരു വ്യക്തിക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മരുന്നും ജീവിതശൈലിയും വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുക, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക, ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, പുകവലിയും പുക ശ്വസിക്കാനിടവരുന്ന സാഹചര്യങ്ങളും ഒഴിവാക്കുക, മദ്യപാനം ഒഴിവാക്കുക, പ്രമേഹം നിയന്ത്രണത്തിലാക്കുക, മാനസിക സമ്മര്‍ദ്ദം, വിഷാദം എന്നിവ നിയന്ത്രിക്കുക, അസാധാരണ ഹൃദയമിടിപ്പായ ഏട്രിയല്‍ ഫിബ്രിലേഷനെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കുകയും ചികിത്സിക്കുകയും ചെയ്യുക തുടങ്ങിയ സന്ദേശങ്ങളാണ് പക്ഷാഘാതത്തിന്റെ അപകടഘടകങ്ങള്‍ തരണം ചെയ്യുന്നതിനായി ദിനാചരണത്തോടനുബന്ധിച്ച് നല്‍കിയത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ മോഹനന്‍ ദിനാചരണ സന്ദേശം നല്‍കി.

ദിനാചരണത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഡോ. പി ലത, ഡോ. ജോബിന്‍ മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ക്ലാസുകള്‍ ലഭിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പൊതു പരിപാടികളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ദിനാചരണത്തോടനുബന്ധിച്ച് ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്കുകളുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഹൈപ്പര്‍ടെന്‍ഷന്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധന ക്യാമ്പുകള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഇന്ദിര പ്രേമാനന്ദ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ടി രേഖ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി സുനില്‍ ദത്തന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS