കാസർകോട്:ചികിത്സയ്ക്കായി ബാങ്കില്‍ നിന്ന് കടമെടുത്ത അഞ്ച് ലക്ഷം രൂപ എഴുതി തള്ളണമെന്ന ആവശ്യവുമായി എത്തിയ കൃഷണന്‍ നായര്‍ ജില്ലാ കളക്ടറുടെ കരുതല്‍. കാലങ്ങളായി വിവിധ ക്യാമ്പുകളില്‍ കയറി ഇറങ്ങി മടുത്ത ഈ അച്ഛന് ഏറെ ആശ്വാസമാണ് കളക്ടറുടെ ഇടപെടല്‍.
പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനാകാത്ത മകനെ ചികിത്സിക്കാന്‍ ഹോസ്ദുര്‍ഗ്ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്ന് കടമെടുത്ത അഞ്ച് ലക്ഷം രൂപ കഴിയാവുന്ന അത്രയും തിരിച്ചടച്ചു. കുടിശ്ശിക ഏറി വരികയാണ്. മുഴുവന്‍ അടച്ച തീര്‍ക്കാന്‍ കഴിയുന്നില്ല. വാര്‍ധക്യത്തിന്റെ അവശതകളോടെ കൃഷ്ണന്‍ നമ്പ്യാര്‍ കളക്ടറോട് പറഞ്ഞു.
കിടപ്പിലായ ഭാര്യയ്ക്കും മകനും കൃഷ്ണന്‍ നായര്‍ മാത്രമാണ് ആശ്രയം. സര്‍ക്കാറിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പരിപാടി 2020ല്‍ ഉള്‍പ്പെടുത്തി വേണ്ട നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. രുഗ്മിണി എന്ന പേരിലുള്ള ബാങ്ക് അക്കൗണ്ട് പരിശോധിച്ച്, ബാങ്കുമായി ബന്ധപ്പെട്ട് അടക്കാനുള്ള തുകയില്‍ പരമാവധി ഇളവ് നല്‍കാന്‍ അറിയിച്ചിട്ടുണ്ടെന്ന് സഹകരണ അസി.രജിസ്ട്രാര്‍ അറിയിച്ചു.
വയലില്‍ നിന്ന് വീട്ടിലേക്ക് വെള്ളം കയറുന്നു, വീടിന് ചുറ്റുമതില്‍ കെട്ടി സംരക്ഷണം ഒരുക്കണ മെന്ന അതിയാമ്പൂര്‍ സൗപര്‍ണികയില്‍ ദാമോദരന്റെ പരാതിയില്‍ കളക്ടര്‍ ഇടപെട്ടു. മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ദാമോദരന്റെ വീടിന്റെ സംരക്ഷണ ഉറപ്പു വരുത്താന്‍ ജൈവരീതിയില്‍ ചുറ്റുമതില്‍ മുളം തൈകള്‍ നട്ടുവളര്‍ത്തി ജൈവ വേലി സംരക്ഷണം ഒരുക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിയിലെ കുടുംബ ക്ഷേമ കേന്ദ്രത്തിലേക്ക് കുഴിച്ച കുഴല്‍ കിണര്‍ നിറയെ വെള്ളമുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരിക്കുന്നതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ നാരായണന്‍ നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നടപടി സ്വീകരിച്ചു.
പരാതി ഭൂജല വകുപ്പിന് കൈമാറി. അരയിക്കടവ് – കാലിച്ചാംപൊതി റോഡിന്റെ 300 മീറ്റര്‍ റോഡ് ടാറ് ചെയ്യാതെ വിട്ടതിനെതിരെ നല്‍കിയ പരാതിയില്‍ കളക്ടര്‍ നടപടി സ്വീകരിച്ച് ജില്ലാപഞ്ചായത്തിന് പരാതി കൈമാറി.