കാസര്‍കോട്: ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുന്ന ജില്ലാ കളക്ടറുടെ പരാതിപരിഹാര അദാലത്തിന് ജില്ലാതല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹോസ്ദുര്‍ഗ്ഗ് വെള്ളരിക്കുണ്ട് താലൂക്കുകളിലെ പരാതിപരിഹാര അദാലത്തിന് സബ് കളക്ടര്‍ അരുണ്‍.കെ. വിജയനും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ആര്‍.ഡി.ഒ കെ. രവികുമാറും നേതൃത്വം നല്‍കുന്നത്. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പരാതിപരിഹാര അദാലത്ത്് ജനുവരി 18ന് താലൂക്ക് ഓഫീസ് പരിസരത്ത് നടക്കും.
കാസര്‍കോട് താലൂക്കില്‍ ഫെബ്രുവരി ആറിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും മഞ്ചേശ്വരം താലൂക്കില്‍ ഫെബ്രുവരി 13ന് ഉപ്പള ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തിലും നടക്കും. വെള്ളരിക്കുണ്ടില്‍ വീനസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന്റെ തീയ്യതി പിന്നീട് അറിയിക്കും. അദാലത്തില്‍ സി.എം.ഡി.ആര്‍ എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍,എല്‍.ആര്‍.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം.
അദാലത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, വി.ഇ.ഒമാര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമര്‍പ്പിച്ച പരാതിയിന്‍മേല്‍ അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും. മറുപടിയില്‍ തൃപ്തരല്ലാത്തവര്‍ക്ക് ജില്ലാകലക്ടറെ നേരിട്ട് സമീപിക്കാം. പരാതി നല്‍കാന്‍ വൈകിയവര്‍ക്ക് അദാലത്ത് ദിവസം പരാതി നല്‍കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
നിശ്ചിത ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും. അദാലത്ത് നടത്തിപ്പ് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ദേവീദാസ്, ആര്‍.ഡി.ഒ കെ. രവികുമാര്‍, ആര്‍.ആര്‍ ഡപ്യൂട്ടി കളക്ടര്‍ പി.ആര്‍ രാധിക, എല്‍.ആര്‍ ഡപ്യൂട്ടി കളക്ടര്‍ അഹമ്മദ് കബീര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..