24 മണിക്കൂറും കര്‍മനിരതരായി ജില്ലാ കൊറോണ കോള്‍ സെന്റര്‍

91

തിരുവനന്തപുരം കളക്ട്രേറ്റിലുള്ള കോള്‍ സെന്ററില്‍ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ സഹായമാകുന്നു. കളക്ട്രേറ്റിലെ രണ്ടാം നിലയില്‍ ദുരന്തനിവാരണ വിഭാഗത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ പത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 18 ട്രെയിനികളും അടങ്ങുന്ന സംഘമാണ് മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് സേവനമൊരുക്കുന്നത്. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരും കമ്മ്യൂണിറ്റി മെഡിസിന്‍ പി.ജി വിദ്യാര്‍ഥികളും മുഴുവന്‍ സമയവും കോള്‍ സെന്ററിലുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുന്നവര്‍ക്ക് സെന്ററിലേക്ക് നേരിട്ട് ബന്ധപ്പെടാം.

ട്രാഫിക്ക് ഒഴിവാക്കാനായി 12 ടെലിഫോണ്‍ ലൈനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ലൈനില്‍ ട്രാഫിക് അമിതമാകുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരും സദാ സന്നദ്ധരാണ്. ഫയര്‍ഫോഴ്സ്, റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ദിവസേന നൂറുകണക്കിന് കോളുകളാണ് ഇവിടേക്കെത്തുന്നത്. രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ പോയിട്ടുള്ളവരും, രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സംശയദൂരീകരണത്തിനായി വിളിക്കുന്നവരുമാണ് ഏറെ. പരാതി പറയാനും മറ്റു വകുപ്പുകള്‍ നടപടി എടുക്കേണ്ട വിഷയങ്ങളും പൊതുജനങ്ങള്‍ കോള്‍ സെന്റര്‍ മുഖേന പങ്കുവെക്കുന്നു.

വിദേശത്തു നിന്നും വന്നവര്‍ വിളിക്കുമ്പോള്‍ രോഗിയുമായുള്ള സമ്പര്‍ക്കം, രോഗ ലക്ഷണം, നാട്ടില്‍ എത്തിയിട്ട് എത്ര ദിവസമായി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചശേഷം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണമെങ്കില്‍ അതിന്റെ നിര്‍ദേശം നല്‍കും. അങ്ങനെ പ്രവേശിച്ചവര്‍ക്ക് അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കാറുണ്ട്. കോള്‍ സെന്ററില്‍ റവന്യു-ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. കൂടാതെ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എല്ലാ ദിവസവും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

NO COMMENTS