ജില്ലാ വികസന സമിതി യോഗം താമരശ്ശേരി ചുരം റോഡ് സുരക്ഷണം: നടപടികള്‍ വേഗത്തിലാക്കണം – മന്ത്രി ടി.പി. രാമകൃഷണന്‍

112

കോഴിക്കോട് : താമരശ്ശേരി ചുരം റോഡിന്റെ സംരക്ഷണത്തിനായി വേഗത്തില്‍ നടപടികളെടുക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചുരം റോഡിന്റെ സംരക്ഷണത്തിനായി പദ്ധതി ഉടന്‍ തയ്യാറാക്കണമെന്നും സാങ്കേതിക തടസ്സങ്ങള്‍ റോഡിന്റെ സംരക്ഷണത്തിന് വിഘാതമാകരുതെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിനടുത്ത് സംരക്ഷണഭിത്തി അടിയന്തരമായി നിര്‍മ്മിക്കുന്നതിന് ആവശ്യമായ വനഭൂമി ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാകുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയത്. സ്ഥലം എം എല്‍ എ, പൊതുമരാമത്ത് വകുപ്പ് എന്‍ എച്ച് വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാകളക്ടര്‍ ഇതു സംബന്ധിച്ച ഒരു യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ മേഖലകളില്‍ ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് അതത് വകുപ്പുകള്‍ ഉടന്‍ തയ്യാറാക്കി തരാനും മന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയില്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍ ജീവന്‍ നഷ്ടമായ 17 ആളുകളുടെയും കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു കഴിഞ്ഞതായി ജില്ലാ വികസന സമിതി അറിയിച്ചു. ഓണത്തിന് മുന്‍പ് തന്നെ തുക പൂര്‍ണമായും കൈമാറിയതായും യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കുള്ള പതിനായിരം രൂപയ്ക്ക് കോഴിക്കോട് താലൂക്കില്‍ 15151 പേരും കൊയിലാണ്ടിയില്‍ 2239 പേരും വടകരയില്‍ 2268 പേരും താമരശ്ശേരിയില്‍ 638 പേരുമാണ് അര്‍ഹരായിട്ടുളളത്. മഴക്കടുതിയില്‍ നശിച്ച വീടുകളുടെ സര്‍വ്വെ അന്തിമഘട്ടത്തിലാണ്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്കുന്നുണ്ടെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്കിയിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രായോഗിക തടസ്സങ്ങള്‍ പെട്ടെന്നു ഇടപെട്ട് നീക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവര്‍ത്തനം വേണമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ കോളനി പ്രവൃത്തികളും ഹാംലറ്റ് ഡവലപ്‌മെന്റ് പദ്ധതികളും വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.

കൃഷിക്കാര്‍ക്ക് ഉണ്ടാവുന്ന നഷ്ടം നിര്‍ണയിക്കുന്ന കാര്യത്തില്‍ ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. കൃഷിയെ മാത്രം ഉപജീവനമാക്കിയുള്ളവര്‍ക്ക് നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യേണ്ടതുണ്ട്. കോളനികളില്‍ പ്രവൃത്തി നടത്തുമ്പോള്‍ അവിടുത്തെ താമസക്കാരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കണം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പദ്ധതികള്‍ വൈകിപ്പിക്കുന്നതിന് പകരം അതിന് പരിഹാരം കാണാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകള്‍ പിടിച്ചിട്ട വാഹനങ്ങള്‍ ലേലം ചെയ്തു മാറ്റുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ സിറ്റി പോലീസ് 2753 വാഹനങ്ങളും എക്‌സൈസ് 484, ഗതാഗതവകുപ്പ് 38, റവന്യൂ 11, വനം വകുപ്പ് 11 വാഹനങ്ങളുമാണ് പിടിച്ചിട്ടിരിക്കുന്നത്.

നാദാപുരം അടുപ്പില്‍ പട്ടിക വര്‍ഗ്ഗ കോളനിയില്‍ 25 വീടുകള്‍ താമസ യോഗ്യമല്ല. ഇവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി കണ്ടെത്തി നടപടികളുമായി മുന്നോട്ട് പോകണമെന്ന് ഇ കെ വിജയന്‍ എം എല്‍ എ യോഗത്തില്‍ പറഞ്ഞു.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വട്ടച്ചിറ പട്ടികവര്‍ഗ്ഗ കോളനിയില്‍ നിലനിന്നിരുന്ന മരം മുറിച്ച് ലേലം ചെയ്ത തുക ഇനിയും കോളനി നിവാസികള്‍ക്ക് കൈമാറിയിട്ടില്ലെന്ന് ജോര്‍ജ് എം. തോമസ് എംഎല്‍എ പറഞ്ഞു. ഈ തുക സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് കോളനിയുടെ വികസനത്തിനായി നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

പാരിസ്ഥിതിക പ്രശ്‌നമില്ലാത്ത, നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ എന്തെങ്കിലും വസ്തുതാ രഹിതമായ പരാതി ലഭിച്ചാല്‍ ഉടനെ, കാര്യമായ അന്വേഷണം ഇല്ലാതെ നിര്‍ത്തി വയ്ക്കരുതെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും എംഎല്‍എ പറഞ്ഞു. പാരിസ്ഥിതികാനുമതി ലഭിക്കുമ്പോള്‍ ക്വാറികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും ക്വാറി ഉടമകള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ശാസ്ത്രീയ പഠനത്തിനു ശേഷമാണ് ഖനനം നിര്‍ത്തി വയ്ക്കാനുള്ള നിര്‍ദേശം നല്‍കുന്നത്. റെഡ് സോണില്‍ ക്വാറികള്‍ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

ഇരഞ്ഞിമാവ് മുതല്‍ മുക്കം വരെ സ്റ്റേറ്റ് ഹൈവേയ്ക്കായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത സ്ഥലത്തുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ജോര്‍ജ് എം. തോമസ് എം എല്‍ എ പറഞ്ഞു.

കുറ്റ്യാടി നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാവുന്നത് തടയാനുള്ള നടപടികള്‍ എടുക്കണമെന്ന് പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. തോടുകളിലെ ചെളി വാരി, തോട് നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി കനാല്‍ ബണ്ടിലുള്ള കാട് വെട്ടി തെളിയിക്കാന്‍ നടപടികള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തകര്‍ന്ന റോഡുകളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും വിവിധ നിര്‍മാണ പ്രവ്യത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കണമെന്ന് യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ പറഞ്ഞു.

ജില്ലാ കളക്ടര്‍ സാംബശിവ റാവു അദ്ധ്യക്ഷനായ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തില്‍ എം എല്‍ എ മാരായ പിടി എ റഹിം, പുരുഷന്‍ കടലുണ്ടി, സി.കെ നാണു, കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുള്ള, ഇ.കെ. വിജയന്‍, ജോര്‍ജ് എം. തോമസ്, സബ് കളക്ടര്‍ വിഘ്‌നേശ്വരി, പ്ലാനിംഗ് ഓഫീസര്‍ എം പി അനില്‍കുമാര്‍, എം എല്‍ എ മാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS