ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ; വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം കൂടുതല്‍ വേഗത്തിലാക്കും

12

തിരുവനന്തപുരം ജില്ലയിലെ വികസന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. വട്ടിയൂര്‍ക്കാവ് ജങ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കണമെന്ന് യോഗത്തില്‍ വി.കെ പ്രശാന്ത് എം.എല്‍.എ ആവശ്യപ്പെട്ടു. പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പോര്‍ട്ടബിള്‍ എക്‌സ്‌റേ യന്ത്രം വാങ്ങുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടുണ്ട്. എക്‌സ്‌റേ യന്ത്രം വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നഗരപരിധിയിലെ റോഡുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും വഴിവിളക്കുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുടപ്പനക്കുന്ന് ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പേരൂര്‍ക്കടയില്‍ സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന നടപടിയും വേഗത്തിലാക്കണം. പേരൂര്‍ക്കട മേല്‍പ്പാലം നിര്‍മാണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തുമെന്നും എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും കുടപ്പനക്കുന്ന് കളക്ടറേറ്റ് ജംഗ്ഷന്‍ വികസനം ഫെബ്രുവരി 28ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സജി കുമാര്‍ എസ്.എല്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു, എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY