നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയാത്തരീതിയിലുള്ള ഒരു മരുന്നുകുറിപ്പടി ലഭിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാം – കേരളസ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍

168

പാലക്കാട്: മരുന്നുകുറിപ്പടികള്‍ വ്യക്തമല്ലാതെ വായിക്കാന്‍ കഴിയാത്ത രീതിയിൽ ഡോക്ടർമാർ എഴുതുന്നത് ഗൗരവമേറിയ പ്രശ്നമാണെന്നും അങ്ങനെ ലഭിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാമെന്ന് കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി. സതീശന്‍ പറഞ്ഞു.ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ മാത്രമേ കുറിപ്പടി എഴുതാവൂ എന്നാണ് നിര്‍ദേശം. എന്നാല്‍ മിക്ക ഡോക്ടര്‍മാരും ഇപ്പോഴും വായിച്ചാല്‍ മനസ്സിലാകാത്ത രീതിയിലാണ് മരുന്നിന്റെ കുറിപ്പടി എഴുതുന്നത്.

കൈയക്ഷരം മോശമായാല്‍ ‘ഡോക്ടര്‍മാരുടെ കുറിപ്പടിപോലെ’ എന്ന്‌ പരാതി പറയും. എന്നാല്‍, ഡോക്ടര്‍മാര്‍ തരുന്ന വായിക്കാന്‍ പറ്റാത്ത ‘തലയിലെഴുത്ത്‌’ പോലുള്ള കുറിപ്പടിയെക്കുറിച്ച്‌ ആരും പരാതിപ്പെടാറുമില്ല. കിട്ടുന്ന കുറിപ്പടി വാങ്ങി അടുത്തുള്ള മരുന്നുഷോപ്പില്‍ കൊടുത്താല്‍ പണി കഴിഞ്ഞു. ബാക്കിയെല്ലാം, വായിച്ച്‌ മരുന്നു തരുന്ന ഫാര്‍മസിസ്റ്റിന്റെ ചുമതലയാണ്. മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും നിര്‍ദേശമുണ്ട്.

2014-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം കൈയക്ഷരം തിരിച്ചറിയാതെ മരുന്നുമാറിനല്‍കി അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കാണ്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വായിക്കാവുന്നരീതിയില്‍ അച്ചടിച്ച മരുന്ന്‌ കുറിപ്പടി നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് മിക്കപ്പോഴും ബാധകമല്ല; ജില്ലാ ആശുപത്രിയിലടക്കം.

രോഗികളുടെ തിരക്കുകാരണമാണ് പലപ്പോഴും നിര്‍ദേശിച്ചരീതിയില്‍ കുറുപ്പടി എഴുതാന്‍ സാധിക്കാത്തതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു രോഗിയെ പരിശോധിക്കാന്‍പോലും രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറിപ്പടി വൃത്തിയായി എഴുതാന്‍കൂടി സമയമെടുക്കുക എന്നത് പ്രായോഗികമല്ലെന്നും ഇവര്‍ പറയുന്നു.ഡോക്ടര്‍മാരുടെ വ്യക്തമല്ലാത്ത കുറിപ്പടികാരണം ഫാര്‍മസിസ്റ്റുകള്‍ക്കും ബുദ്ധിമുട്ടുണ്ട്. ഒരക്ഷരം മാറിയാല്‍ത്തന്നെ മരുന്ന് മാറിപ്പോകാവുന്ന സ്ഥിതിയുണ്ടെന്നും ഇത്തരത്തില്‍ മരുന്നുമാറിനല്‍കുന്ന സംഭവങ്ങളു ണ്ടായിട്ടുണ്ടെന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.

കണ്ടുപരിചയമുള്ള കുറിപ്പടിയാണെങ്കില്‍പ്പോലും ചിലപ്പോള്‍ വായിക്കാന്‍ സാധിക്കില്ല. തുടര്‍ന്ന്, രോഗികളോട് എന്താണ് അസുഖമെന്ന് ചോദിച്ചാണ് പലപ്പോഴും എഴുതിയമരുന്ന് തിരിച്ചറിയുന്നത്. തിരക്കേറിയസമയങ്ങളില്‍ ഇത് പ്രായോഗികമല്ല. ജനങ്ങളറിയാന്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയാത്തരീതിയിലുള്ള ഒരു മരുന്നുകുറിപ്പടി ലഭിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാം. പരാതി ലഭിച്ചില്ലെങ്കിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് ഡോക്ടര്‍മാരുടെ കുറിപ്പടി പരിശോധിച്ച്‌ കൈയക്ഷരവ്യക്തത ഉറപ്പുവരുത്താം.

ഇതുവരെ ജില്ലയില്‍നിന്ന് മരുന്നുകുറിപ്പടി വായിക്കാനാവില്ലെന്ന് പരാതി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഫാര്‍മസി സംവിധാനം വന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ജില്ലാ ആശുപത്രിയിലെ ഒ.പി. നവീകരണം പൂര്‍ത്തിയായാല്‍ ഈ സംവിധാനമൊരുക്കാനാണ് ഉദ്ദേശ്യം.

NO COMMENTS