ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്: മൂന്ന് പദ്ധതികള്‍ക്ക് അംഗീകാരം

97

കാസർകോട് : റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് ധനസഹായം ഉപയോഗിച്ച് അടിയന്തിര പ്രാധാന്യത്തോടെ ജില്ലയില്‍ നടപ്പാക്കുന്നതിനായി മൂന്ന് പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പള്ളങ്കോട് പയസ്വിനി പുഴയില്‍ ചെക്ക് ഡാം, കോട്ടഞ്ചേരി പരിശീലന കേന്ദ്രം, നീലേശ്വരം പണക്കാപ്പുഴ പുനരുജ്ജീവനവും നവീകരണം എന്നീ പദ്ധതികളാണ് സംയോജിത പദ്ധതിയായി മുന്‍ഗണനാക്രമം നിശ്ചയിച്ച് പൂര്‍ത്തീകരിക്കുക. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സംബന്ധിച്ചു.

പയസ്വിനി പുഴയിലെ ചെക്ക് ഡാമിന് മൂന്ന് കോടി രൂപ റീബില്‍ഡ് കേരളയില്‍ നിന്ന് ലഭിക്കും. ദേലംപാടി പഞ്ചായത്ത് 26 ലക്ഷവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും ജില്ലാ പഞ്ചായത്ത് 20 ലക്ഷവും രൂപ വകയിരുത്തും. ആകെ 3.56 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

2.06 കോടി രൂപയുടെ കോട്ടഞ്ചേരി പരിശീലന കേന്ദ്രത്തിന് 1.60 കോടി രൂപ റീബില്‍ഡ് കേരളയും 16 ലക്ഷം ബളാല്‍ ഗ്രാമപഞ്ചായത്തും പരപ്പ ബ്ലോക്ക് അഞ്ച് ലക്ഷവും ജില്ലാ പഞ്ചായത്ത് 25 ലക്ഷവും നീക്കിവെക്കും. 2.575 കോടിയുടെ പണക്കാപ്പുഴ നവീകരണത്തിന് 2.255 കോടി രൂപ റീബില്‍ഡ് കേരളയും പടന്ന, ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി പഞ്ചായത്തുകള്‍ അഞ്ച് ലക്ഷം വീതവും നീലേശ്വരം ബ്ലോക്ക് 12 ലക്ഷവുമാണ് വകയിരുത്തുക. 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്കും പുതിയ പദ്ധതികള്‍ക്കുമാണ് യോഗം അംഗീകാരം നല്‍കിയത്.

511 ഭേദഗതി പദ്ധതികളും 155 പുതിയ പദ്ധതികളുമാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. പുതിയ വാര്‍ഷിക പദ്ധതികളില്‍ സാമൂഹ്യസുരക്ഷയുടെ ഭാഗമായി അങ്കണവാടി, സ്‌കൂള്‍ എന്നിവയുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ആവശ്യപ്പെട്ടു.

NO COMMENTS