തിരുവനന്തപുരം : സബ് കളക്ടറായിരിക്കെ ദിവ്യ എസ്.അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്ത്. ഒരു കോടി രൂപ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ദിവ്യ സ്വകാര്യ വ്യക്തിക്കു വിട്ടുകൊടുത്തതെന്നും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി പുറന്പോക്കാണെന്ന് കണ്ടെത്തി തഹസില്‍ദാര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ തഹസില്‍ദാറിന്റെ ഈ നടപടിയെ റദ്ദാക്കി ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുക്കാനാണ് സബ് കളക്ടറായ ദിവ്യ എസ് അയ്യര്‍ തീരുമാനിച്ചത്. ഇതാണ് വിവാദമായത്.